സംസ്ഥാനത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഉണര്‍വേകി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. അല്‍പ്പം മുമ്പാണ് രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ എംപി തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.
എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ടുമാരുടേയും വനിതാ വൈസ് പ്രസിഡണ്ടുമാരുടേയും സമ്മേളനങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുക. അതിനിടെ അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന എംഐ ഷാനവാസിന്റെ വീട്ടിലേക്കാണ് രാഹുല്‍ ഗാന്ധി ആദ്യം പോയത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവള പരിസരത്ത് എത്തിയിരുന്നത്. എംഐ ഷാനവാസിന്റെ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി അധ്യക്ഷന്‍മാരുടെ നേതൃയോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക്, പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ, കെ.വി തോമസ് എം.പി, വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍, യു.ഡി.എഫ് ചെയര്‍മാന്‍ ബെന്നി ബെഹന്നാന്‍, എറണാകുളം ഡി.സി.സി പ്രസിഡന്റ് വിനോദ് എന്നിവര്‍ പ്രസംഗിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി മടങ്ങി രണ്ടാം ദിവസമാണ് രാഹുല്‍ ഗാന്ധി യും എത്തുന്നത്. ഇതോ ടെ സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിന് ചൂടുപിടിക്കും. സംഘടനാ തലത്തില്‍ താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ബൂത്ത് പ്രസിഡണ്ടുമാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് അഭിസംബോധന ചെയ്യുന്നതിലൂടെ താഴെ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.