X

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആത്മഹത്യാ മുനമ്പുകള്‍: രാഹുല്‍

മണ്ഡി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം. നിലവിലെ മുഖ്യമന്ത്രി വീരഭദ്ര സിങ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. മണ്ഡിയിലെ പദ്ദാലില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നോട്ട് അസാധുവാക്കല്‍, ധൃതി പിടിച്ച് നടപ്പിലാക്കിയ ജി.എസ്.ടി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി മോദിയേയും കേന്ദ്ര സര്‍ക്കാറിനേയും രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ വിമര്‍ശിച്ചത്. ആറു തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിങ് ഏഴാം തവണയും മുഖ്യമന്ത്രിയാവുമെന്നും പറഞ്ഞു.

 

രണ്ട് കോടി ജോലികള്‍ വാഗ്ദാനം ചെയ്ത എന്‍.ഡി.എ സര്‍ക്കാര്‍ ഓരോ 24 മണിക്കൂറിലും 30,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ സ്ഥാനത്ത് 450 പേര്‍ക്കു മാത്രമാണ് തൊഴില്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധൃതി പിടിച്ച് നടത്തിയ ജി.എസ്.ടി ഫലത്തില്‍ 30 ലക്ഷം ജോലി ഇതിനോടകം നഷ്ടപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

നോട്ട് അസാധുവാക്കല്‍ ജി.ഡി.പി താഴെ പോകാനും അതുവഴി സാധാരണക്കാരനെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. നാലു ദിവസം മുമ്പ് ബി. ജെ. പി റാലിക്കെത്തിയ മോദി ഹിമാചലില്‍ ഗുജറാത്ത് മോഡല്‍ വികസനം കൊണ്ടു വരുമെന്നാണ് പറഞ്ഞത്.
എന്നാല്‍ ഗുജറാത്തിനെ താരത്യമം ചെയ്യുമ്പോള്‍ ഹിമാചല്‍ ഏറെ മുന്നിലാണെന്നും രാഹുല്‍ പറഞ്ഞു. ബി. ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആത്മഹത്യ മുനമ്പുകളായി മാറുകയാണെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരിക മാത്രമാണ് രാജ്യത്തെ രക്ഷിക്കാനുള്ള മാര്‍ഗമെന്ന് ചടങ്ങില്‍ സംസാരിച്ച രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.

chandrika: