അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ധ രാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയായിരുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരു പക്ഷേ മോദിക്ക് 500, 1000 രൂപ നോട്ടുകള്‍ ഇഷ്ടമായിരിക്കില്ല. അതിനാലാവും അദ്ദേഹം മറ്റുള്ളവരെ തെരുവില്‍ നിര്‍ത്തിച്ചതെന്നും രാഹുല്‍ പറഞ്ഞു. സാധാരണക്കാരന്‍ മാത്രമാണ് നോട്ട് നിരോധനം കൊണ്ട് വഴിയാധാരമായത്. ഗുജറാത്തിലെ ഏതെങ്കിലും വ്യവസായി നോട്ട് നിരോധനത്തിന് ശേഷം ക്യൂവില്‍ നിന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സാധാരണക്കാരന്‍ തെരുവില്‍ അസാധു നോട്ടുകള്‍ മാറാന്‍ ക്യൂനിന്നപ്പോള്‍ കള്ളപ്പണക്കാര്‍ പിന്‍വാതിലിലൂടെ കള്ളപ്പണം വെളുപ്പിച്ചു. നോട്ട് നിരോധനം കൊണ്ട് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതക്ക് ഗുജറാത്തിലെ ജനങ്ങള്‍ എന്തിനാണ് വില നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഓരോന്നായി ഓരോ ദിവസം ചോദ്യങ്ങളായി ഉന്നയിക്കുന്ന രാഹുല്‍ ഇന്നലെ ഗുജറാത്തിന്റെ കടക്കെണിയെ കുറിച്ചാണ് ചോദ്യമുന്നയിച്ചത്. 1995ല്‍ ഗുജറാത്തിന്റെ മൊത്തം കടം 9183 കോടിയായിരുന്നു. 2017ല്‍ ഇത് 2.14 ലക്ഷമായി ഉയര്‍ന്നു. ഇതിനര്‍ത്ഥം ഓരോ ഗുജറാത്തിക്കും 37,000 രൂപ കടമുണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ സാമ്പത്തിക കെടുകാര്യസ്ഥതക്ക് ഗുജറാത്തികള്‍ എന്തിന് വില നല്‍കണമെന്നാണ് തന്റെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു. 22 വര്‍ഷത്തെ ഭരണത്തിന് ഗുജറാത്തിന് ബി.ജെ.പി ഉത്തരം നല്‍കണമെന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുല്‍ ആവശ്യപ്പെട്ടത്. 50 ലക്ഷം ഭവനങ്ങള്‍ നിര്‍മിക്കുമെന്ന് വാഗ്ദാനം ചെയ്ത ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് 4.72 ലക്ഷം ഭവനങ്ങളാണ് നിര്‍മിച്ചതെന്നും ഇനി ബാക്കി വീടുകള്‍ നിര്‍മിക്കാന്‍ 45 വര്‍ഷം വേണ്ടി വരുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.