പരിഭാഷ/നസീല്‍ വോയ്‌സി
ചോദ്യം: രാജ്യത്തെ പ്രതിപക്ഷം ദുർബലമാണ്, കാര്യമായ പ്രതിരോധം തീർക്കുന്നില്ല എന്നാണ് പൊതുവെയുള്ള ഒരു വിമർശനം. അതിനുള്ള മറുപടി?
■■ ജനാധിപത്യ സംവിധാനത്തിന്റെ, ഫ്രെയിംവർക്കിന്റെ ഒരു ഭാഗമാണ് പ്രതിപക്ഷം. പ്രതിരോധം തീർക്കുന്ന ഒരു സംവിധാനം. അതിനു പക്ഷേ സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനങ്ങളും ഫ്രീ പ്രസുമുണ്ടാവണം (സ്വതന്ത്ര മാധ്യമങ്ങൾ). അപ്പോഴേ അതിന് കൃത്യമായി പ്രവർത്തിക്കാനാവൂ. ഇവിടെ അതില്ല! അതില്ലാത്ത ഇടത്ത് പ്രതിപക്ഷത്തിന്റെ പ്രവർത്തനം പരിമിതമായിപ്പോവും. സ്വതന്ത്രമായ ഇൻസ്റ്റിറ്റൂഷ്യനും മാധ്യമപ്രവർത്തനവും തരൂ/ ഉറപ്പുവരുത്തൂ, അപ്പോ കാണിച്ചു തരാം പ്രതിപക്ഷമെന്താണ്. പിന്നെ ഈ സർക്കാരിന് തുടരാനാവില്ല!
വിചിത്രമാണ് ഈ രാജ്യത്തെ കാര്യങ്ങൾ. സ്വന്തം അതിർത്തിയിലേക്ക് മറ്റൊരു രാജ്യം കടന്നു കയറിയാൽ ലോകത്തെ ഏത് ചെറുരാജ്യവും ഒച്ചവയ്ക്കും. പക്ഷെ ഇവിടെ ആരും മിണ്ടുന്നില്ല! ഉത്തർപ്രദേശിലെ സംഭവം നോക്കൂ. ഒരു പാവം ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി, അവളുടെ കഴുത്ത് പൊട്ടി മരിക്കുന്നു! അപ്പോഴും മാധ്യമങ്ങളടക്കം നിശബ്ദം!
ചോദ്യം: ബിജെപിയും പ്രധാനമന്ത്രിയും പറയുന്നു ജിഎസ്ടി, നോട്ട് നിരോധനം, കാർഷിക പരിഷ്കാരങ്ങൾ…എല്ലാം ജനങ്ങൾ സ്വീകരിച്ചതാണെന്ന്. അതുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെന്ന്. എങ്ങനെ പ്രതികരിക്കുന്നു?
■■ ഒരു കാര്യം ചെയ്യൂ. നിങ്ങൾ ഈ ചോദ്യം ഈ രാജ്യത്തെ ചെറുകിട കച്ചവടക്കാരോടും സംരംഭകരോടും ചോദിച്ചു നോക്കൂ. നോട്ടു നിരോധനവും ജിഎസ്ടിയും അവരെ എങ്ങനെയാണ് ബാധിച്ചതെന്ന്. അവർ പറഞ്ഞു തരും. ഇവിടെ നിന്ന് പുറത്തേക്കിറങ്ങി കർഷകരോടു ചോദിച്ചു നോക്കൂ, ഇതൊക്കെ അവരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചതെന്ന് – ആ ഉത്തരങ്ങളാണ് എന്റേതും.
ചോദ്യം: ഉത്തർപ്രദേശിലെ സന്ദർശനവും ഇപ്പോഴിതാ പഞ്ചാബിലെ യാത്രയും അടക്കം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പൊളിറ്റിക്കൽ ടൂറിസം നടത്തുകയാണെന്ന് ബിജെപിയും ദേശീയ മാധ്യമങ്ങളും ആരോപിക്കുന്നു. ട്രാക്ടർ സീറ്റിലെ കുഷൻ ചൂണ്ടിക്കാണിച്ചൊക്കെയാണ് വിമർശനം…?
■■ അതൊക്കെയേ അവർ ചോദിക്കൂ. നരേന്ദ്ര മോദി അമേരിക്കയിൽ പോയി എണ്ണായിരം കോടിയുടെ പുതിയ വിമാനം വാങ്ങിയതിനെക്കുറിച്ച് അവർ മിണ്ടില്ല! ഒരു ചോദ്യവും ചോദിക്കില്ല! രാഹുൽ ഗാന്ധിയും ക്യാപ്റ്റൻ അമരീന്ദർ സിങ്ങും സഞ്ചരിച്ച ട്രാക്ടർ സീറ്റിന് കുഷനുണ്ടല്ലോ എന്നതാണ് അവരുടെ ചോദ്യം!
ചോദ്യം: ഫെഡറൽ സംവിധാനത്തിനായി നിലകൊള്ളുന്നു എന്നാണല്ലോ താങ്കൾ പറയുന്നത്. 1970കളിൽ പഞ്ചാബ് ആവശ്യപ്പെട്ടിരുന്നതും ഇത് തന്നെയാണ്. പഞ്ചാബും പഞ്ചാബികളും എന്തിന് നിങ്ങളെ വിശ്വസിക്കണം?
■■ ഞാൻ ചെയ്യുന്നത് നോക്കിയിട്ട്, കഴിഞ്ഞ കാലങ്ങളിൽ ഞാൻ കൊകൊണ്ട നിലപാടുകൾ നോക്കിയിട്ട് വിശ്വസിച്ചാൽ മതി. എന്റെ ഓർമയിലുള്ള, ഒരിക്കലും എനിക്ക് മറക്കാനാവാത്ത ചെറിയൊരു അനുഭവം പറയാം. 1977ൽ എന്റെ മുത്തശ്ശി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അതിന് ശേഷം വീട്ടിൽ ആരുമില്ലായിരുന്നു, ഒരാൾ പോലും ഇല്ലാതെ ശൂന്യം. പക്ഷേ ആ സമയത്തും അവരോടൊപ്പം, ഞങ്ങളോടൊപ്പം നിൽക്കാൻ സിഖുകാരുണ്ടായിരുന്നു. ആ ചിത്രം ഞാനൊരിക്കലും മറക്കില്ല. എന്താണെന്നറിയില്ല, പഞ്ചാബിനോടും തമിഴ്നാടിനോടും എനിക്കെപ്പോഴും ആ അടുപ്പമുണ്ട്, ആ മനുഷ്യരോട് കാരണമറിയാത്തൊരു കടപാടുണ്ട്.
എന്തിന് എന്നെ വിശ്വസിക്കണം എന്നതിന് എന്റെ പൊളിറ്റികൽ ലൈഫ് നോക്കിയാൽ മതി. ഞാനെടുത്ത നിലപാടുകളും. കർഷക ബില്ലിൽ ഞാനിതാ, ഇവിടെ കർഷകരോടൊപ്പമുണ്ട്. ന്യായ് പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ കുറേ പേർ എന്നെ പരിഹസിച്ചു, പക്ഷെ അത് തന്നെയാണ് ഇപ്പോഴും എന്റെ നിലപാട്. തൊഴിലുറപ്പ് പദ്ധതിയിലും ചെറിയൊരു ഭാഗമായി. ഇങ്ങനെ ഓരോ സമയത്തും ജനങ്ങളോടൊപ്പം നിൽക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. കരുത്തനായ ഒരാളും ദുർബലനായ ഒരാളും അടികൂടുന്നത് കണ്ടാൽ ആ ദുർബലന്റെ കൂടെ നിൽക്കാനേ എനിക്ക് തോന്നൂ. അതെന്റെ ഉള്ളിലുള്ളതാണ്. ഇതുകൊണ്ടൊക്കെ തന്നെയാണ് രാഷ്ട്രീയപരമായി എനിക്ക് കൂടുതൽ പരിഹാസങ്ങളും അടിച്ചമർത്തലുകളും നേരിടേണ്ടി വരാറുള്ളതും!
ചിലപ്പോൾ എനിക്ക് തോന്നും, എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. എളുപ്പം മറ്റേ പക്ഷത്ത് നിൽക്കുന്നതാണ്. പക്ഷെ ഈ നിലപാടുകൾ, അതെന്റെ ഉള്ളിലുള്ളതാണ്. അതിലാണ് ഞാനുറച്ച് നിൽക്കുന്നതും. ഒരു ദളിത് പെൺകുട്ടിക്ക് അക്രമം നേരിടേണ്ടി വന്നാൽ അവളോടൊപ്പമേ എനിക്ക് നിൽക്കാനാവൂ, കർഷകർക്കൊരു പ്രശ്നം വന്നാൽ അതിനോടൊപ്പമേ ഞാൻ നിലകൊള്ളൂ. അതിനു വേണ്ടി കുറച്ച് ലാത്തിയടിയേറ്റാലും കുഴപ്പമില്ല.
ചോദ്യം: കർഷക ബിൽ പാസാക്കുന്ന സമയത്ത് നിങ്ങൾ എവിടെയായിരുന്നു, സഭയിൽ പോലുമില്ലായിരുന്നല്ലോ എന്ന്..?
■■ ആ സമയത്ത് ഞാനെന്റെ അമ്മയോടൊപ്പം അവരുടെ മെഡിക്കൽ ചെക്കപ്പിനായി പോയതായിരുന്നു. എന്റെ സഹോദരിക്ക് പോകാനായില്ല, അവരുടെ സ്റ്റാഫിലെ ചിലർക്ക് കോവിഡുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ പോയി. എല്ലാത്തിലുമുപരി ഞാനൊരു മകനാണ്, എനിക്കെന്റെ അമ്മയോട് ഉത്തരവാദിത്വമുണ്ട്.