X

കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചു രാഹുല്‍ ഗാന്ധി

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത് ദുഃഖത്തിന്‍റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ല. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും ഇന്ന് രാവിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തിന്‍റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരതയുടെ ലക്ഷ്യം രാഷ്ട്രത്തെ വിഭജിക്കലാണ്. എന്നാൽ നമ്മൾ ഒരു നിമിഷം പോലും വിഭജിച്ച് നിൽക്കില്ല. നമ്മുടെ സൈനികർക്ക് നേരെ ഭയാനകമായ ഭീകരാക്രമണമാണ് നടന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. ആവർത്തിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായെങ്കിലും രാഷ്ട്രീയ വിമർശനങ്ങൾ ഒന്നും ഉയർത്താൻ രാഹുൽ ഗാന്ധി തയ്യാറായില്ല. ഒരു ശക്തിക്കും ഈ രാജ്യത്തെ വിഭജിക്കാനും തകർക്കാനും ആകില്ലെന്നും കോൺഗ്രസ് പ്രസിഡന്‍റ് ആവർത്തിച്ചു.

നേരത്തേ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും കരസേനയുടെ വടക്കന്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗും ആക്രമണത്തില്‍ മരിച്ച സൈനികരുടെ മൃതശരീരങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിച്ചപ്പോള്‍ ‘വീര്‍ ജവാന്‍ അമര്‍ രഹേ’ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. പുല്‍വാമയില്‍ നിന്നും ബദ്ഗാമിലെ സിആര്‍പിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങള്‍ ആദ്യം എത്തിച്ചത്.
രാജ്‌നാഥ് സിംഗും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബഗ് സിംഗും സിആര്‍പിഎഫ് ക്യാമ്പിലെ മറ്റ് സൈനികര്‍ക്കൊപ്പം ആക്രമണത്തില്‍ മരിച്ച സൈനികരുടെ ശവമഞ്ചം ചുമക്കാന്‍ ഒപ്പം ചേര്‍ന്നു.

chandrika: