X

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാത്രമല്ല; തേജസ്വി യാദവ്

പറ്റ്ന: പ്രതിപക്ഷനിരയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമല്ല ഉള്ളതെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍.സി.പി തലവന്‍ ശരദ് പവാര്‍, ബി.എസ്.പി നേതാവ് മായാവതി ഇവരെല്ലാം പ്രധാമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നവരാണെന്ന് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് പറഞ്ഞു.

പ്രധാനമന്ത്രി പദത്തെ കുറിച്ചുള്ള ചോദ്യത്തിന് ആര്‍.ജെ.ഡിയെ സംബന്ധിച്ച് പ്രധാനമന്ത്രി പദം ഒരു വലിയ വിഷയമല്ലെന്നും രാജ്യത്ത് യഥാര്‍ത്ഥത്തില്‍ വലിയ പ്രശ്നങ്ങള്‍ വേറെയുണ്ടെന്നുമായിരുന്നു തേജസ്വിയുടെ മറുപടി. പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവിശാല സംഖ്യതത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും കൂടിയിരുന്ന് ആലോചിക്കേണ്ട കാര്യമാണെന്നും അതിനായി മത്സരിക്കുന്നത് രാഹുല്‍ മാത്രമല്ലെന്നുമായിരുന്നു തേജസ്വി പ്രതികരിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും കൂടി തീരുമാനിക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായാലും അവരെ ആര്‍.ജെ.ഡി പിന്തുണയ്ക്കും. ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ പോന്ന ഒരു നേതാവിനെയാണ് പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടത്. രാഹുല്‍ ഒരുപക്ഷേ അങ്ങനെയൊരു നേതാവാകാം. ശക്തമായ ഒരു മഹാസഖ്യത്തിനായി രാഹുല്‍ എല്ലാവരേയും ഒരുമിപ്പിക്കേണ്ടതുണ്ട്’- തേജസ്വി പറഞ്ഞു.

കോണ്‍ഗ്രസുമായി നല്ലബന്ധം പുലര്‍ത്തുന്ന ആര്‍.ജെ.ഡി 2019 ലെ തെരഞ്ഞെുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.

chandrika: