ലോക് സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജി വെക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്. ഏക സ്വരത്തില്‍ രാഹുല്‍ തുടരണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം വാര്‍ത്താ സമ്മേളനത്തിലാണ് വക്താവ് പവന്‍ ഖേര അറിയിച്ചത്. നിലവിലെ സാഹചര്യങ്ങളില്‍ രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരണമെന്ന് പ്രമേയം പാസ്സാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ലോക് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ചതിനുള്ള മറുപടി കോണ്‍ഗ്രസ് ഇന്ന് നല്‍കി. അമിത് ഷാ ചരിത്രം പഠിക്കുന്നത് വാട്ട്‌സാപ്പില്‍ നിന്നാണെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ചരിത്ര പുസ്തകങ്ങള്‍ കോണ്‍ഗ്രസ് അയച്ചു നല്‍കാന്‍ തയാറാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം.