ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം എന്തിനായിരുന്നുവെന്ന് രാഹുല്‍ ചോദിച്ചു. രാജ്യത്തിന് വേണ്ടി ജീവനര്‍പ്പിച്ചവര്‍ ധാരാളം പേര്‍ കോണ്‍ഗ്രസിനുണ്ട്, ബിജെപിക്ക് അത്തരത്തില്‍ ഒരാളുടെയെങ്കിലും പേര്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോയെന്നും രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചു. നോട്ട് നിരോധനത്തിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടിയില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അച്ഛേ ദിന്‍ വരിക കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമ്പോഴാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാവങ്ങളോടും കര്‍ഷകരോടും കുറച്ചുനേരം സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. എന്തുകൊണ്ടാണ് ആളുകള്‍ കൂടുതലായി ഗ്രാമങ്ങളിലേക്ക് ചെല്ലുന്നതെന്ന് അവരോടു ചോദിക്കണം. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ഉണ്ടാക്കിയത് രണ്ടര വര്‍ഷം കൊണ്ട് മോദി ഇല്ലാതാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ ലോകത്തിന് മുന്നില്‍ മോദി അപമാനിതനായെന്നും രാഹുല്‍ ആക്ഷേപിച്ചു.
ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ആര്‍എസ്എസും മോദിയും ചേര്‍ന്നാണ്. മോഹന്‍ ഭാഗവതിന്റെ അജന്‍ഡയാണ് നടപ്പിലാകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.