ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. നോട്ടുനിരോധനത്തിലൂടെ മോദി അഴിമതി നടത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദിയുടെ അഴിമതിക്ക് തെളിവുണ്ടെന്നും ലോക്‌സഭയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആരോപണത്തെ മോദി പേടിക്കുകയാണ്. തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിക്കെതിരെ നേരത്തേയും വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മോദിക്കുനേരെ അഴിമതി ആരോപണങ്ങളുമായി ഇപ്പോള്‍ അദ്ദേഹം എത്തിയിരിക്കുന്നത്. തന്റെ കൈവശം വിവരങ്ങളുണ്ടെന്നും അത് പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് സഭയിലെത്തിയ മോദി പ്രതിപക്ഷത്തിന്റെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കിയില്ല. ഇതില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. കേന്ദ്രധനമന്ത്രിയെ ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ അനുവദിക്കില്ലെന്നും നോട്ടു വിഷയത്തില്‍ വോട്ടിങ് വേണമെന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നുമുള്ള നിലപാടില്‍ തന്നെയായിരുന്നു പ്രതിപക്ഷം.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ തള്ളി ബിജെപി രംഗത്തെത്തി. ആരോപണം വെറും തമാശമാത്രമാണെന്ന് ബിജെപി മറുപടി പറഞ്ഞു.