ന്യൂഡല്‍ഹി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ബിജെപി നേതൃത്വത്തെ കുഴക്കി രാജ്യത്ത് ചര്‍ച്ചയാവുന്നു. സര്‍ക്കാറിന്റെ വാഗ്ദാന ലംഘനങ്ങളും മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളെയും തുറന്ന് കാട്ടിയായിരുന്നു സഭയെ പ്രകമ്പനം കൊള്ളിച്ച രാഹുല്‍ ഗാന്ധിയുടെ നീണ്ട പ്രസംഗം. മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ വ്യക്തി വിരോധമില്ലെന്ന് തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ സഭയില്‍വെച്ചുതന്നെ കെട്ടിപ്പിടിച്ചത് നിലവില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഭരണ പക്ഷ അംഗങ്ങളെ മോദിയേയും സ്തബ്ധരാക്കിയായിരുന്നു ആ ആലിംഗനം.
അതേസമയം പ്രസംഗത്തിലുടനീളം കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കാനായി രാഹുല്‍ ഉന്നയിച്ച ‘ജുംല സ്‌ട്രൈക്ക്’ എന്ന വാക്കിന്റെ അര്‍ത്ഥം തേടിയാണ് ഇപ്പോള്‍ ഗൂഗിളില്‍ തെരച്ചില്‍ നടക്കുന്നത്. ഇന്ത്യയിലെ യുവാക്കള്‍ ജുംല സ്‌ട്രൈക്കിന്റെ ഇരകളായിരുന്നുവെന്നായിരുന്നു രാഹുല്‍ പ്രസംഗത്തില്‍ ആരോപിച്ചത്. ഹിന്ദി, ഉറുദു പ്രയോഗമാണ് ജുംല. പാഴ് വാഗ്ദാനങ്ങള്‍ എന്നര്‍ത്ഥമുള്ള വാക്കിന്റെ സഹായത്തോടെയാണ് മോദിയെ രാഹുല്‍ വിമര്‍ശിച്ചത്.
രാഹുലിന്റെ ജുംല സ്‌ട്രൈക്ക് പ്രയോഗം ഇതിനകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ജുംല പ്രയോഗം വെച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്.
രാജ്യം മുഴുവന്‍ ഈ വാക്കിന്റെ അര്‍ത്ഥം തേടിയപ്പോള്‍ കര്‍ണാടകയില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ അര്‍ത്ഥം തേടി ഗൂഗിളിലെത്തിയത്.