വയനാട്-മൈസൂര്‍ റോഡിലെ യാത്രാ നിരോധനത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രാഹുല്‍ ഗാന്ധി എം.പി വയനാടിലേക്ക് എത്തിയേക്കുമെന്ന് സൂചന. സെപ്റ്റംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന യുവാക്കള്‍ക്ക് പിന്തുണ അര്‍പ്പിച്ച് നേരത്തെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
പരിസ്ഥിതി സംരക്ഷിക്കാനുള്ള കൂട്ടായ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നിലവിൽ കേരളത്തിൽ തുടരുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വയനാട് രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ നേത്വത്തില്‍ യോഗം ചേരും. 12 മണിക്ക് രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ചാണ് യോഗം.
സംഘടന കാര്യ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എം കെ രാഘവൻ എം പി , വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ ഉൾപ്പെടെ ഉള്ള നേതാക്കളും സുപ്രീം കോടതി അഭിഭാഷകരും യോഗത്തിൽ പങ്കെടുക്കും.
വയനാട്-കൊല്ലഗല്‍ ദേശീയപാത 766ല്‍ പൂര്‍ണമായും യാത്രാ നിരോധനം കൊണ്ട് വരാനുള്ള നീക്കത്തിനെതിരെയാണ് വയനാട്ടില്‍ സമരം ശക്തമാകുന്നത്. കോഴിക്കോട് വയനാട് വഴി മൈസൂരിലേക്ക് പ്രവേശിക്കുന്ന കേരള-കര്‍ണാടക 766 ദേശീയ പാതയാണ് വയനാട്-കൊല്ലഗല്‍. 272 കിമി നീളമുള്ള പാതയുടെ 117 കിമി കേരളത്തിലും 155 കിമി കര്‍ണാടകയിലുമായാണുള്ളത്. ഈ പാതയുടെ 19.7 കിലോമീറ്റര്‍ ദൂരമാണ് വയനായ്-ബന്ദിപ്പൂര്‍ വനങ്ങളിലൂടെ കടന്നുപോകുന്നുത്. കൊല്ലഗലില്‍ വെച്ച് ഈ പാത, ദേശീയ പാത 948മായി കൂടിച്ചേരും.
പത്ത് വര്‍ഷമായി രാത്രിയാത്രാ നിരോധനം തുടരുന്ന വയനാട് കൊല്ലഗല്‍ ദേശീയ പാതയില്‍ പകല്‍ സമയത്തും നിയന്ത്രണം കൊണ്ട് വരാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് അഭിപ്രായം തേടിയിരിക്കുകയാണ്. നിലവിലെ യാത്രാ നിരോധനം തന്നെ കേരളത്തിലെയും കര്‍ണാടകയിലെയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് കടുത്ത പ്രയാസമുണ്ടാക്കുന്നതാണ്. കാര്യക്ഷമമായ ബദല്‍ മാര്‍ഗമില്ലാതെ നിരോധനം നിലവില്‍ വന്നാല്‍ വയനാട് തീര്‍ത്തും ഒറ്റപ്പെടും. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ സമരം ശക്തമാവുന്നത്.
ബത്തേരിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെയുള്ള വിവിധ യുവജന കൂട്ടായ്മകള്‍ നടത്തുന്ന നിരാഹാര സമരം അറാം ദിവസത്തിലേക്ക് കടന്നു.
എന്നാല്‍ രാത്രിയാത്ര നിരോധനം നീക്കുന്നതിനെതിരെ പരിസ്ഥിതിസ്‌നേഹികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിജയം കാണും വരെ നിരാഹാര സമരം തുടരാന്‍ തന്നെയാണ് യുവജന കൂട്ടായ്മയുടെ തീരുമാനം. ഇതിനിടെയാണ് നിരോധനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി എം.പി എത്തുമെന്ന സൂചനയാണ് ഇപ്പോളുള്ളത്.