ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിയെ നേരില്‍ കാണാനും വേദനകള്‍ കേള്‍ക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സംഭവം കേട്ട ശേഷം ഞാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി സംസാരിച്ചു. എനിക്കിത് രാഷ്ട്രീയ വിഷയമല്ല. ഇത്തരം സംവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശം എല്ലാവരിലും എത്തിക്കേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അശോക് ഗഹ്‌ലോട്ട്, രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ, അല്‍വാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജിതേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് രാഹുല്‍ യുവതിയെ കാണാനെത്തിയത്. ഏപ്രില്‍ 26നാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. തനാഗസി-അല്‍വാര്‍ ബൈപ്പാസില്‍ ഭര്‍ത്താവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ ആറംഗം സംഘം തടഞ്ഞുനിര്‍ത്തി കൂട്ടബലാത്സം ചെയ്യുകയായിരുന്നു. അഞ്ച് പേരാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. ആറാമന്‍ ദൃശ്യം വീഡിയോയില്‍ പകര്‍ത്തി. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം പ്രതികള്‍ ഭര്‍ത്താവിനെ കൂടുതല്‍ ആക്രമിച്ചു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ മൂന്ന് മണിക്കൂറാണ് യുവതി പീഡനം നേരിട്ടത്. മാനഭംഗത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളെ മുഴുവന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി. പ്രധാന നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. സംഭവത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മോദി കളവാണ് പറയുന്നതെന്നും ഇതുവെച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും അശോക് ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി. വൃത്തികെട്ട രാഷ്ട്രീയമാണ് മോദിയുടേതെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതിയും ആരോപിച്ചു.
- 5 years ago
chandrika