രാഹുല്‍ ഗാന്ധിക്ക് തിങ്കളാഴ്ച സഭയിലെത്താനായേക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിങ്കളാഴ്ച്ച പാര്‍ലമെന്റില്‍ എത്താനായേക്കും. രാഹുലിന്റെ അയോഗ്യത നീക്കണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സ്പീക്കറെ നേരില്‍ക്കണ്ട് കത്തുനല്‍കി. വിധി പഠിച്ചശേഷം തീരുമാനമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പ്രതികരിച്ചു. രാഹുലിന്റെ പ്രസംഗത്തോടെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന.

2018ലേതു പോലെ അവിശ്വാസപ്രമേയ ചര്‍ച്ച മോദി രാഹുല്‍ അന്യോനത്തിന്റെ വേദിയാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അംഗത്വം തിരികെ കിട്ടിയാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ച രാഹുലിന്റെ തകര്‍പ്പന്‍ പ്രസംഗത്തോടെ തുടങ്ങാനാണ് കോണ്‍ഗ്രസ് ആലോചന. മണിപ്പുര്‍ സന്ദര്‍ശിച്ച രാഹുലിന്റെ പ്രസംഗത്തിലെ കേന്ദ്ര ബിന്ദു കലാപവും കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളുമായിരിക്കും. രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കാന്‍ അയോഗ്യത നീക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കണം. എപ്പോള്‍ ഉത്തരവിറക്കണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. തിങ്കളാഴ്ച്ചയോടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വര്‍ഷകാല സമ്മേളനം ഒരാഴ്ച്ച കൂടിയുണ്ട്. ചൊവ്വാഴ്ച്ച അവിശ്വാസ പ്രമേയ ചര്‍ച്ച തുടങ്ങും. വ്യാഴാഴ്ച്ച പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. അയോഗ്യത നീക്കി വേഗം ഉത്തരവിറക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്തുനല്‍കി.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് അംഗത്വം തിരികെ നല്‍കിയത് ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി ലഭിച്ച് ഒന്നര മാസത്തോളം കഴിഞ്ഞാണ്. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അത്തരം സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍

webdesk13:
whatsapp
line