ഹാഥറസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ നടുക്കിയ ഒന്നായിരുന്നു 2020ല്‍ ഹാഥറസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം. സഹോദരിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പമുണ്ട്. സംഭല്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും അധികൃതര്‍ തടഞ്ഞിരുന്നു.
അതിനിടെ, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ യു.പി ഉപമുഖ്യന്ത്രി ബ്രജേഷ് പഥക് രംഗത്തുവന്നു. കലാപം ആളിക്കത്തിക്കാനും ജനങ്ങളെ പ്രകോപിപ്പിക്കാനുമാണ് രാഹുലിന്റെ ശ്രമം. സന്ദര്‍ശനം യു.പിയെ വീണ്ടും കുഴപ്പത്തിലാക്കുമെന്നും പഥക് ആരോപിച്ചു. ഹാഥറസ് കേസില്‍ സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. ആ സംഭവം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പഥക് പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ വികസനവും നിയമപരിപാലനവും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന രീതിയിലേക്ക് വളര്‍ന്നു കഴിഞ്ഞു. അതെല്ലാം തടസ്സപ്പെടുത്തുകയും സംസ്ഥാനത്തെ കലാപത്തിലേക്ക് തള്ളിവിടുകയുമാണ് രാഹുലിന്റെ ലക്ഷ്യം. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം. അനാവശ്യമായ പ്രകോപനങ്ങളാല്‍ രാജ്യം തളര്‍ന്നിരിക്കുകയാണെന്നും യു.പി ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രാഹുലിന്റെ സന്ദര്‍ശനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഇരകള്‍ക്ക് നീതി തേടിക്കൊടുക്കുക എന്ന പ്രതിജ്ഞാബദ്ധയുടെ പുറത്താണ് രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദര്‍ശനമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ജനങ്ങളുടെ നേതാക്കളാണ് രാഹുലും പ്രിയങ്കയും. എവിടെ അനീതിയുണ്ടായാലും അവിടെയൊക്കെ ഇരകള്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും നിലകൊണ്ടത്. -കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചന്ദ്രഗുപ്ത വിക്രമാദിത്യ പറഞ്ഞു. 2020 സെപ്റ്റംബര്‍ 14നാണ് ഹാഥറസിലെ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
സി.ബി.ഐ അന്വേഷണത്തില്‍ നാലുപേര്‍ക്കെതിരെ കുറ്റം ചുമത്തി. പ്രതികളിലൊരാളായ സന്ദീപിനെ എസ്.സി/എസ്.ടി നിയമപ്രകാരം പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അതോടൊപ്പം മറ്റ് മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചു. ഗ്രാമത്തിന് പുറത്ത് താമസ സൗകര്യം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി വേണമെന്നും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ അതൊന്നും ചെവിക്കൊണ്ടിട്ടില്ല.