ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യസൈന്യം ജര്‍മനിയിലും ജപ്പാനിലും ബോംബ് വര്‍ഷിച്ചതിനു സമാനമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം തട്ടിപ്പാണെന്നും 99 ശതമാനം പാവപ്പെട്ടവരുടെയും രക്തം ചിന്തുകയാണ് മോദി ചെയ്തതെന്നും ഉത്തര്‍പ്രദേശിലെ ജോണ്‍പൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തുറന്നടിച്ചു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുമ്പായി 40 ഇടങ്ങളില്‍ നോട്ട് നിരോധനത്തിനെതിരായ റാലികള്‍ സംഘടിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
‘നരേന്ദ്ര മോദി 99 ശതമാനം പാവപ്പെട്ട ജനങ്ങളുടെ രക്തം, അവരോട് ചോദിക്കുക പോലും ചെയ്യാതെ ചിന്തിയിരിക്കുകയാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ എന്ന പേരിലാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. എന്നാല്‍ അത് ബാധിച്ചത് സത്യസന്ധരായ കര്‍ഷകരെയും ദരിദ്രരെയുമാണ്. വലിയ ആളുകളുടെ കടം എഴുതിത്തള്ളുന്ന മോദി പാവപ്പെട്ട കര്‍ഷകരുടെ കടവും എഴുതിത്തള്ളണം’ – രാഹുല്‍ പറഞ്ഞു.
തന്റെ വേദിയില്‍ ‘നരേന്ദ്ര മോദി മുര്‍ദാബാദ്’ വിളിച്ച പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി വിലക്കി. ‘മുര്‍ദാബാദ് ആര്‍.എസ്.എസ്സിന്റെ ആശയത്തോടു ചേര്‍ന്നതാണ്. കോണ്‍ഗ്രസിന്റെ രീതി രാഷ്ട്രീയമായി നേരിടുക എന്നതാണ്.’ അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം കാരണം ജനങ്ങള്‍ നേരിട്ട പ്രയാസത്തിന് ആര് മറുപടി പറയുമെന്നും രാഹുല്‍ ചോദിച്ചു. കള്ളപ്പണത്തില്‍ ആറു ശതമാനം മാത്രമാണ് രാജ്യത്തുള്ളത്. സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ എന്തുകൊണ്ടാണ് മോദി പുറത്തുവിടാത്തത്? ലണ്ടനില്‍ സുഖവാസം നയിക്കുന്ന ലളിത് മോദി, വിജയ് മല്യ തുടങ്ങിയവര്‍ക്കെതിരെ നടപടി കൈക്കൊള്ളാത്തതെന്താണ്? – രാഹുല്‍ ചോദിച്ചു.