X

മോദി അഴിയെണ്ണും; രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി

കോഴിക്കോട്: സുഹൃത്തായ അനില്‍ അംബാനിക്ക് രാജ്യത്തിന്റെ മുപ്പതിനായിരം കോടി മോഷ്ടിച്ച് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് അംബാനിക്കുവേണ്ടി സി.ബി.ഐ തലവനെ മാറ്റാന്‍ മോദി തയ്യാറായി. മോദിയെയും അനില്‍ അംബാനിയെയും തടവിലിടുമ്പോള്‍ മാത്രമേ രാജ്യത്ത് നീതി നടപ്പാക്കപ്പെടുകയുള്ളൂ. വ്യോമസേനക്ക് നീതി ഉറപ്പാക്കണം. കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനമഹാറാലി ഉദ്ഘാടനം ചെയ്ത് നടത്തിയ ഉജ്വല പ്രസംഗത്തിലാണ് ബി.ജെ.പിയെയും മോദിയെയും രാഹുല്‍ കടന്നാക്രമിച്ചത്.

‘നിങ്ങളാണ് ഞങ്ങളുടെ യജമാനന്മാര്‍. നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുന്നു. ഞാന്‍ എല്ലാ ആഴ്ചയിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോകുന്നു, അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. എന്നാല്‍ ഇവിടെ ഒരു പ്രധാന മന്ത്രി ഏതെങ്കിലും ചോദ്യങ്ങളെ നേരിടുകയോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയോ ചെയ്യുന്നുണ്ടോ എന്ന് നിങ്ങള്‍ ഓര്‍ക്കണം’ ആരവങ്ങള്‍ക്കിടയില്‍ രാഹുല്‍ ചോദിച്ചു.

കടല്‍പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് രാജ്യം. കടലിന്റെ ആഴവും പരപ്പും തിരിച്ചറിയാത്ത പ്രധാനമന്ത്രി തന്റെ മനസ്സിലുള്ളത് ജനങ്ങളോട് പറയുക മാത്രമാണ് ചെയ്യുന്നത്. അവരെ കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. ജനങ്ങളുടെ മനസ്സ് ഗ്രഹിക്കുവാനും അവരെ കേള്‍ക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിക്കണം. ജനം തന്നെ എങ്ങനെ കാണുന്നു എന്ന് മോദിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ജനങ്ങളെ കേള്‍ക്കാന്‍ ഒരിക്കലും തയ്യാറാകാത്ത മോദി ആഴ്ചയിലൊരു മന്‍കിബാത്തില്‍ (മനസ്സില്‍ തോന്നുന്നത്) പറയുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
അല്‍പ്പം വിനയം മോദിക്കുണ്ടായിരുന്നെങ്കില്‍ നോട്ട് നിരോധനത്തെ കുറിച്ച് ഒരു കര്‍ഷകനോടോ ഒരു അമ്മയോടോ ചെറുകിട വ്യാപാരിയോടോ ഒന്ന് ചോദിച്ചു നോക്കണമായിരുന്നു. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് സ്വന്തം മന്ത്രിസഭയില്‍ പോലും ആലോചിക്കുന്നില്ല. 70 കൊല്ലം നമ്മുടെ സമ്പദ്ഘടനയെ സംരക്ഷിച്ച റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ത്ഥനപോലും മാനിക്കാതെ നോട്ട്‌നിരോധനം നടപ്പാക്കി. ഏറ്റവും ദുര്‍ബലരെ ശ്രദ്ധിക്കുക വഴി രാജ്യം എന്താണെന്ന് മനസ്സിലാക്കാം. തങ്ങള്‍ക്ക് ബോധ്യപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.

സ്വന്തം അഭിപ്രായമല്ലാതെ മറ്റൊന്നിനും വിലകല്‍പ്പിക്കാത്ത മോദി രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുന്നു. കേരളത്തിലും കര്‍ഷക ആത്മഹത്യ കൂടുന്നു. 50 ശതകോടീശ്വരന്‍മാരുടെ കോടികള്‍ എഴുതി തള്ളിയ മോദി കര്‍ഷകരെ കണ്ടതായി നടിക്കുന്നില്ല. നീരവ് മോദിയും ലളിത് മോദിയും ചോസ്‌കിയും അനില്‍ അംബാനിയും മോദിക്ക് ഭായ്മാരാണ്. ഇവരാണ് മോദിയുടെ പടംവെച്ചുള്ള പരസ്യങ്ങള്‍ പത്രങ്ങളിലെത്തിക്കുന്നത്. അവര്‍ക്ക് അതുകൊണ്ട് നേട്ടവുമുണ്ട്.

പുല്‍വാമ ആക്രമത്തില്‍ വീരമൃത്യുവരിച്ച ജവാമാര്‍ക്കായി നമ്മള്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ മോദി സിനിമക്കായി മേക്കപ്പിട്ട് നില്‍ക്കുകയായിരുന്നു. മോദിക്ക് വേണ്ടത് രണ്ട് ഇന്ത്യയാണ്. തന്റെ സുഹൃത്തുക്കള്‍ക്കായി ഒരിന്ത്യയും തൊഴില്‍രഹിതരായിട്ടുള്ള യുവാക്കള്‍ക്കും ദുഃഖിതരായ കര്‍ഷകര്‍ക്കും വേണ്ടി മറ്റൊരിന്ത്യയും. രണ്ട് ഇന്ത്യയെ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും രാഹുല്‍ പറഞ്ഞു.

chandrika: