കെ.എന്‍.എ ഖാദര്‍
കോണ്‍ഗ്രസ് പാര്‍ട്ടി സംഘ്പരിവാറുമായി സമരസപ്പെടുന്നുവെന്നും അവര്‍ മൃദുഹിന്ദുത്വവാദികളാണെന്നും നിരന്തരം മുഖ്യമന്ത്രിയും ചില സി.പി.എം നേതാക്കളും പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്വന്തം പാര്‍ട്ടിയുടെ മതനിരപേക്ഷത കൂടുതല്‍ തിളക്കമുള്ളതാക്കുകയാണ് ഈ വിമര്‍ശനത്തിന്റെ കാതലായ ലക്ഷ്യം. സി.പി.എം അല്ലാത്ത മിക്കവാറും പാര്‍ട്ടികളെക്കുറിച്ചും ഇത്തരം ആരോപണങ്ങള്‍ അവസരം കിട്ടുമ്പോഴേല്ലാം അവര്‍ ഉയര്‍ത്തുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രത്യേകിച്ച് സി.പി.എം ദേശീയ തലത്തില്‍തന്നെ ബി.ജെ.പിയോടും അതിന്റെ ആദ്യകാല രൂപങ്ങളോടും പലതവണ സമരസപ്പെട്ട് കഴിഞ്ഞുകൂടിയിട്ടുള്ള ചരിത്ര സത്യം ഇവര്‍ക്കെല്ലാം അറിയാവുന്നതാണ്. അവയെല്ലാം വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ ആരെയും എവിടെയും എത്തിക്കുകയില്ല. ഈ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന തരത്തിലാണ് ബി.ജെ.പിയുടെതന്നെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നവര്‍ ആവര്‍ത്തിച്ച് പറയുമ്പോള്‍ അവരോട് ഒട്ടും സമരസപ്പെട്ട് കഴിയുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് പറയുകയാണല്ലോ. മാത്രമല്ല സി.പി.എം മുക്ത ഭാരതം എന്നൊരു വര്‍ത്തമാനം ഇന്നു വരെ ബി.ജെ.പി നേതൃത്വം പറയുന്നതായി കേട്ടിട്ടില്ല. അവര്‍ക്ക് കുറച്ചു കാലമെങ്കിലും സഹിക്കാവുന്ന ഒരു പാര്‍ട്ടി അതാണന്നല്ലേ അര്‍ത്ഥം.
രാഹുല്‍ഗാന്ധി ഈയിടെ ഹിന്ദുമതവും ഹിന്ദുത്വവും ഒന്നല്ലായെന്ന് പറഞ്ഞു. ഹൈന്ദവ ധര്‍മ്മം ശാന്തിയും സമാധാനവും സഹിഷ്ണുതയും വിളംബരം ചെയ്യുന്ന സംസ്‌കാരമാണ്. ഹിന്ദുത്വ എന്ന ആശയം രാഷ്ട്രീയമായ ഒന്നാണ്. അധികാരത്തിലെത്തുന്നതിനും അത് നിലനിര്‍ത്തുന്നതിനും ഹൈന്ദവ ജനതയെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്ന ഒരു രീതിശാസ്ത്രമാണത്. ഹൈന്ദവ ധര്‍മ്മമെന്ന് കരുതപ്പെടുന്ന വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും പുരാണങ്ങളും ശ്രുതികളും സ്മൃതികളും വിഭാവനം ചെയ്യുന്ന സമസ്ത ജീവജാലങ്ങളുടെയും സമാധാനപരമായ സഹവര്‍ത്തിത്വം ഹിന്ദുത്വമെന്ന രാഷ്ട്രീയ തന്ത്രവുമായി ഒരു ബന്ധവുമില്ല. തീര്‍ത്തും ഹിന്ദു ധര്‍മ്മത്തെ അത് വികലമാക്കുകയും അതിന്റെ മൂല്യങ്ങളെ ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. ഇപ്പോള്‍ ഈ വിമര്‍ശനം ജില്ലാ സമ്മേളന വേദികളില്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കാന്‍ ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കാരണമായിട്ടുണ്ടാവാം. ഗാന്ധിജി സ്വയം പറഞ്ഞിട്ടുണ്ട്. ‘ഞാന്‍ ഒരു നല്ല ഹിന്ദുവാണ്. അതുകൊണ്ട്തന്നെ ഞാന്‍ നല്ലൊരു മുസല്‍മാനും ക്രൈസ്തവനും ആകുന്നു’ എന്ന്. ഈ പ്രഖ്യാപനം ഉന്നതമായ ചിന്തകളില്‍ നിന്നു മാത്രമേ ഉത്ഭവിക്കുകയുള്ളു. രാഹുല്‍ഗാന്ധിതന്നെ ഉദാഹരിച്ചതനുസരിച്ച് ഗാന്ധിജി ഹിന്ദുവും ഗോദ്‌സെ ഹിന്ദുത്വവുമാണ്. അവര്‍ തമ്മിലുള്ള അന്തരം എത്ര വലിയതാണ്. ആ കാഴ്ചപ്പാടുകള്‍ രണ്ടുപേരെയും എത്ര വ്യത്യസ്തരാക്കുന്നു.
വളരെക്കാലമായി അനേകര്‍ക്ക് ബോധ്യമുള്ളതും എന്നാല്‍ വേണ്ടത്ര പ്രചരിപ്പിക്കപ്പെട്ടിട്ടില്ലാത്തതുമായ ഒരു ആശയമാണത്. നല്ലവരായ കോടാനുകോടി ഹൈന്ദവ സഹോദര്‍ക്കിടയില്‍ അക്കാര്യം നല്ല രീതിയില്‍ പ്രചരിപ്പിക്കപ്പെടണം. രാഷ്ട്രീയമായി ബി.ജെ.പിയെ നേരിടാന്‍ സ്വീകരിക്കാവുന്ന ഏറ്റവും നല്ല ഉപാധികളില്‍ ഒന്നാണത്. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ആ വിഷയം ഏറ്റെടുത്ത് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അത്തരം കാര്യങ്ങള്‍ക്ക് വേണ്ടത്ര ഊന്നല്‍ നല്‍കാനും രാഷ്ട്രീയ നിലപാടുകള്‍ തതനുസൃതം ഉയര്‍ത്തിപ്പിടിക്കാനും അവര്‍ക്ക് കഴിയണം. സി.പി.എം പോലുള്ള പാര്‍ട്ടികള്‍ രാഹുല്‍ഗാന്ധിയെ നിശിതമായി വിമര്‍ശിക്കുന്നതും അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ മൃദു ഹിന്ദുത്വമെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. ഇന്നത്തെ ഇന്ത്യയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പ്രത്യയശാസ്ത്രം ഗാന്ധിസമാണ്. ഗാന്ധിജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ദേശീയ പ്രസ്ഥാനത്തിന്റെ മറ്റു തലമുതിര്‍ന്ന നേതാക്കളും മുന്നോട്ടുവെച്ച ആശയങ്ങളും ആധുനിക ഇന്ത്യയെ മതേതരത്വത്തിലും ജനാധിപത്യത്തിലും ഉറപ്പിച്ചുനിര്‍ത്തിയ ഭരണഘടനയും ഡോ. അംബേദ്കറുടെ ആശയങ്ങളും ഇന്ത്യയിലാകെ ഒരിക്കല്‍കൂടി വ്യാപകമായി പ്രചരിപ്പിക്കപ്പെടണം. തിരഞ്ഞെടുപ്പുകളും അതുമായി ബന്ധപ്പെട്ട സഖ്യ നിര്‍മ്മിതിയും എല്ലാം രണ്ടാം സ്ഥാനത്ത് നിര്‍ത്തേണ്ട കാര്യങ്ങളാണ്. അടിസ്ഥാനപരമായ ദേശീയ ലക്ഷ്യങ്ങളെ പുനരുദ്ധരിക്കുകയും അതില്‍നിന്നും ഊര്‍ജ്ജം സമാഹരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഏകാധിപത്യത്തേയും ഫാഷിസത്തെയും ചെറുക്കാന്‍ പ്രാപ്തി നേടേണ്ടത്. പ്രത്യയശാസ്ത്രപരമായ അടിത്തറ ഇന്ന് വിസ്മരിക്കപ്പെടുകയാണ്. മറുഭാഗത്തും സംഘ്പരിവാര്‍ അവരുടെ പ്രത്യയശാസ്ത്രം ദൈനംദിനം മൂര്‍ച്ഛയുള്ള ഒരായുധമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറക്ക് സ്വാതന്ത്ര്യ സമരവും ജനങ്ങളുടെ ഐക്യവും ഇന്ത്യയാക്കി തീര്‍ത്ത സാമ്രാജ്യ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രാധാന്യവും അറിയുകയില്ലായിരിക്കാം. ഹിന്ദുത്വവും ഹൈന്ദവ ധര്‍മ്മങ്ങളും രണ്ടാണെന്ന രാഹുല്‍ജിയുടെ നിലപാടാണ് ശരി. അതുകൊണ്ട് അദ്ദേഹത്തേയും കോണ്‍ഗ്രസിനേയും മൃദു ഹിന്ദുത്വമാക്കി ചിത്രീകരിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
ഇസ്‌ലാം മതം മുന്നോട്ടുവെക്കുന്ന കരുണയേയും നന്മയേയും അതിന്റെ വേദ ഗ്രന്ഥത്തില്‍ അന്തര്‍ലീനമായ ആശയങ്ങളെയും അനുകൂലിച്ചും ഇസ്‌ലാമിക ആദര്‍ശങ്ങളെ ദുരുപയോഗം ചെയ്യുന്ന തീവ്രവാദങ്ങളെ എതിര്‍ത്തും സംസാരിച്ചാല്‍ അത് പറയുന്നവരെ സി.പി.എം മൃദു ഇസ്‌ലാമിസ്റ്റായി ആരോപിക്കുമോ? ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ആശയങ്ങളെ അനുകൂലിച്ചും ഇതിന്റെ ആദര്‍ശങ്ങളെ വിറ്റു ജീവിക്കുന്നവരെ വിമര്‍ശിച്ചും പറഞ്ഞാല്‍ അത് പറയുന്നവര്‍ മൃദു എസ്.എന്‍.ഡി.പി ആകുമോ? ബൈബിളിന്റെ മഹത്വവും യേശുവിന്റെ സ്‌നേഹവും വാഴ്ത്തപ്പെടട്ടെയെന്നും അതിനെ ദുരുപയോഗം ചെയ്യുന്നവര്‍ എതിര്‍ക്കപ്പെടേണ്ടവരാണെന്നും പറഞ്ഞാല്‍ പറഞ്ഞവര്‍ മൃദു ക്രൈസ്തവരാകുമോ? എല്ലാ വേദഗ്രന്ഥങ്ങളും ആദരിക്കപ്പെടേണ്ടതാണ്. സര്‍വ മതങ്ങളിലും നന്മകള്‍ കണ്ടെത്താന്‍ കഴിയും. വിശ്വാസികള്‍ അധികാരത്തിനും പണത്തിനും വേണ്ടിയോ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനോ അതിനെ പ്രയോജനപ്പെടുത്തിവരുന്ന പ്രവണതകളാണ് പരക്കേ കാണുന്നത്. അഹിംസയുടെ എക്കാലത്തേയും അപ്പോസ്തലനായ ബുദ്ധന്‍ ഒരു ഉറുമ്പിനെ പോലും ഹിംസിക്കരുതെന്നാണല്ലോ കല്‍പ്പിച്ചത്. മ്യാന്‍മാറിലും ശ്രീലങ്കയിലും അദ്ദേഹത്തിന്റെ ആശയങ്ങളെ ദുരുപയോഗം ചെയ്ത അനുയായികളെ നാം കണ്ടു. ഇത് എല്ലാ മതസ്ഥര്‍ക്കും ഏറിയും കുറഞ്ഞും ബാധകമാണ്. ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന വചനങ്ങളും വ്യവസ്ഥാപിത മതാനുയായികളും തമ്മില്‍ ഏറെ വൈരുധ്യങ്ങളുണ്ട്. അവയെ സന്ദര്‍ഭോചിതമായി ചൂണ്ടിക്കാണിക്കപ്പെടേണ്ടതു തന്നെയാണ്. ഏതൊരു മതത്തിന്റെയും മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ അതും അത്യാവശ്യവുമാണ്. ആചാരങ്ങളേക്കാള്‍ മൂല്യങ്ങളാണ് സ്വീകരിക്കപ്പെടേണ്ടതും. ആ അര്‍ത്ഥത്തില്‍ ഹൈന്ദവ ധര്‍മ്മത്തിന്റെ മഹത്തായ മൂല്യങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയമായ ആശയം മതത്തിന്റെ പേരില്‍ കമ്പോളത്തിലിറക്കുന്നതിനെ എതിര്‍ക്കപ്പെടേണ്ടതാണ്. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കാരാണെന്ന മട്ടിലാണ് സി.പി.എമ്മിന്റെ വാദഗതികള്‍. ഹൈന്ദവര്‍ ഇന്ത്യന്‍ ജനതയുടെ 79.80 ശതമാനം വരും. അവരില്‍തന്നെ മഹാഭൂരിപക്ഷം ഒരു പാര്‍ട്ടിയിലും ഇല്ലാത്തവരുമാണ്. ഹിന്ദു എന്ന് കേട്ടാലുടന്‍ സംഘ്പരിവാര്‍ മുദ്രകുത്തി കലി തുള്ളുന്നവര്‍ സത്യത്തില്‍ നിഷ്പക്ഷരും രാഷ്ട്രീയ കക്ഷികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നവരുമായ ഹൈന്ദവരെ സംഘ്പരിവാറിന്റെ കൂടാരത്തിലേക്ക് ആട്ടിയോടിക്കുകയാണ്. അത് പരമാബദ്ധമാണ്. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍സമാജ് പാര്‍ട്ടി, ഡി.എം.കെ, എ.ഡി.എം.കെ, തെലുങ്കുദേശം, എ.എ.പി തുടങ്ങി സകല പാര്‍ട്ടികളിലും ഭൂരിപക്ഷം മതം നോക്കിയാല്‍ ഹിന്ദുക്കള്‍ തന്നെയാണ്. അവരെല്ലാം അണി നിരന്നിട്ടുള്ള പാര്‍ട്ടികള്‍ അധികവും മതനിരപേക്ഷ സ്വഭാവമുള്ളവയാണ്. മതേതരത്വത്തിന്റെ തോതില്‍ വ്യത്യാസമുണ്ടാവാം എന്നേയുള്ളു. ഇവയിലെ ഹിന്ദുക്കളോ മുസ്‌ലിംകളോ ക്രൈസ്തവരോ മൊത്തമായി ഒരു പാര്‍ട്ടിയിലും അണിനിരന്നിട്ടില്ല. അത് അസാധ്യവുമാണ്. അതുപോലെ തൊഴിലാളി വര്‍ഗത്തിന്റെ അട്ടിപ്പേറവകാശം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കുമില്ല. ഇന്ത്യയിലെ കോടാനുകോടി തൊഴിലാളികളില്‍ അവഗണിക്കാവുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുള്ളത്. ഒരു കക്ഷിയിലും അംഗമല്ലാത്തവരാണ് രാജ്യത്ത് മഹാഭൂരിപക്ഷം മനുഷ്യരും. അവരുടെ വോട്ടാണ് ആരെയും ജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതും. ആ വിഭാഗത്തില്‍പെട്ട ജനകോടികളെ എങ്ങനെ ശാസ്ത്രിയമായി വഴിപിഴപ്പിക്കാം എന്ന ഗവേഷണമാണ് ചിലര്‍ നടത്തുന്നത്. അതില്‍ വിജയം വരിക്കാന്‍ കഴിഞ്ഞാല്‍ ഭരണത്തിലേക്കുള്ള ഒരു സഹായമായി അതും മാറുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് അതിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നുണകള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം വേണ്ടത്രയറിയാം. ആ രുചി അവര്‍ ഇന്നും അനുഭവിക്കുന്നു. അതുകൊണ്ട് പുത്തന്‍ നുണകള്‍ ഇന്നവര്‍ വ്യാപകമായി ഉത്പാദിപ്പിച്ചികൊണ്ടേയിരിക്കുന്നു. ആധുനിക യുഗത്തിലും ഗീബല്‍സിന്റെ പ്രാധാന്യം കുറയുന്നില്ല. പക്ഷേ സി.പി.എം കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ക്കെതിരെ പ്രചരിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ അതിപുരാതന നുണകളാണ്. അതുകൊണ്ട് അത്ര ചിലവാകില്ല. ആധുനിക നുണയന്മാരുടെ അത്രയും വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അവര്‍ക്കില്ലാതാനും. നുണയായാലും സി.പി.എമ്മിന്റെ തട്ടുകടയില്‍ നിന്നത് വേണ്ടത്ര വിറ്റുപോകുകയില്ല.