ഒരു പാര്‍ലമെന്റ് അംഗത്വത്തില്‍ പരിമിതപ്പെടുന്ന നേതാവല്ല രാഹുല്‍ ഗാന്ധിയെന്ന് നരേന്ദ്ര മോദി ഓര്‍ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സ്ഥാനം നഷ്ടപെട്ട ഏക നേതാവാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ കാര്‍ബണ്‍ കോപ്പിയല്ല മഹിള കോണ്‍ഗ്രസ്. കേരളത്തില്‍ പിണറായിക്ക് എതിരെ പ്രസംഗിച്ചാല്‍ അപ്പോള്‍ കേസെടുക്കും. പ്രസംഗിക്കാന്‍ സ്വന്തന്ത്രമില്ലാത്ത അവസ്ഥയാണ് കേരളത്തിലും കേന്ദ്രത്തിലുമെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധി പ്രതീക്ഷിച്ചതാണെന്നും ഗുജറാത്തില്‍ നിന്ന് വര്‍ത്തമാനകാലത്ത് മറിച്ചൊരു വിധി പ്രതീക്ഷിക്കുന്നില്ലെന്നും കെ.സി.വേണുഗോപാല്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഏത് വിധിയും മറികടക്കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിയുമെന്ന് വിധിയെഴുതുന്നവര്‍ എല്ലാവരും ഓര്‍ക്കണം. രാഹുല്‍ഗാന്ധിയുടെ മനസ്സ് തകര്‍ക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതുന്നവരും അതിന് കളമൊരുക്കുന്നവരും മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച വിചാരണക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്നലെയാണ് കോടതി നിരസിച്ചത്.
അതേസമയം വിധി പ്രസ്താവിച്ച ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്റെ ന്യായവാദം പരിശോധിച്ചുവരികയാണെന്ന് എ.ഐ.സി.സി. കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു. കേസുമായി മുന്നോട്ടുപോകാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ വിധി ഇരട്ടിപ്പിക്കുകയേ ചെയ്യുന്നുള്ളൂവെന്ന് അദ്ദേഹം വ്.ക്തമാക്കി.