X

രാഹുല്‍ ഗാന്ധി ഇന്നെത്തും; ഒമ്പതു വരെ വയനാട്ടില്‍

കോഴിക്കോട്: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഇന്നെത്തും. ഒമ്പതു വരെ മണ്ഡലത്തില്‍ ചെലവഴിക്കുന്ന അദ്ദേഹം റോഡ് ഷോയിലും വികസന ചര്‍ച്ചകളിലും സജീവമാകും. രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.പി.സി.സി പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രനും മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.

ഇന്നു ഉച്ചയ്ക്ക് 1.30 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ഉള്‍പ്പെട്ട മൂന്ന് അസംബ്ലി മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തും. മൂന്നു മണിക്ക് കാളികാവ്, 4.30 ന് നിലമ്പൂര്‍, 5.30 എടവണ്ണ, 6.30 ന് അരിക്കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം റോഡ് മാര്‍ഗം കല്‍പ്പറ്റയിലേക്ക് തിരിക്കും.
കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10 ന് വയനാട് കലക്ട്രേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. 11 മണിക്ക് കല്‍പ്പറ്റ ടൗണ്‍, 11.30ന് കമ്പളക്കാട്, 12.30ന് പനമരം, രണ്ടു മണിക്ക് മാനന്തവാടി, മൂന്നിന് പുല്‍പ്പള്ളി, നാലിന് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ താമസിക്കും. ഒമ്പതിന് രാവിലെ 10 മണിക്ക് ഈങ്ങാപ്പുഴയിലും 11.30ന് മുക്കത്തും പരിപാടികളില്‍ പങ്കെടുത്ത് ഉച്ചയോടെ കരിപ്പൂരില്‍ നിന്നും പ്രത്യേക വിമാനത്തില്‍ മടങ്ങും.

chandrika: