X
    Categories: MoreViews

ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി

അഹമ്മദാബാദ്:  ഗുജറാത്തിലെ നവസാരിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. തങ്ങളുടെ 90 ശതമാനം നിബന്ധനകളും ഭരണഘടനാപരമായ അവകാശമാണെന്നാണ് രാഹുല്‍ പ്രതികരിച്ചതെന്ന് മേവാനി പറഞ്ഞു. ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മേവാനിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. 17 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് മേവാനി കോണ്‍ഗ്രസിന് മുമ്പില്‍ വെച്ചത്. ഇതില്‍ കോണ്‍ഗ്രസ് അനുകൂലമായാണ് പ്രതികരിച്ചത്.
കൂടിക്കാഴ്ചയ്ക്കു ശേഷം ജിഗ്‌നേഷ് മേവാനി രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ യാത്രയില്‍ പങ്കുചേര്‍ന്നു.

ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായി അദ്ദേഹം ചര്‍ച്ച നടത്തിയത്. അതേ സമയം ഗുജറാത്തിലെ മറ്റൊരു യുവ നേതാവിനെ കൂടി കൂടെ നിര്‍ത്തുന്നതിനായി കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. ജന്‍ അധികാര്‍ മഞ്ച് നേതാവും 27കാരനുമായ പ്രവീണ്‍ റാമുമായി സംസ്ഥാന പി.സി.സി അധ്യക്ഷന്‍ ഭാരത് സിങ് സോളങ്കിയും അശോക് ഗെലോട്ടും കൂടിക്കാഴ്ച നടത്തി.

പ്രവീണ്‍ അടുത്ത ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി സമര രംഗത്തുള്ള പ്രവീണ്‍ റാമിനെ കൂടെ നിര്‍ത്തിയാല്‍ സംസ്ഥാനത്തെ 4.5 ലക്ഷം വരുന്ന യുവ ജീവനക്കാരുടേയും 10 ലക്ഷത്തോളം വരുന്ന കരാര്‍ ജീവനക്കാരുടെയും പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നേരിടാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നേരിടാന്‍ മഹാസഖ്യം രൂപീകരിക്കാനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ജെഡിയു വിമത നേതാവ് ഛോട്ടു വാസവ, പട്ടീദാര്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി തുടങ്ങിയവരുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നവസര്‍ജന്‍ യാത്രയ്ക്കു പിന്നാലെ മഹാസഖ്യത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിച്ചേക്കമെന്നാണ് സൂചന.

അതേ സമയം ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പ് സത്യത്തിനും അസത്യത്തിനുമിടയിലുള്ള പോരാട്ടമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സത്യം പൂര്‍ണമായും കോണ്‍ഗ്രസിനൊപ്പമാണെന്നും ബി.ജെ.പിക്ക് മഹാഭാരതത്തിലെ കൗരവരെ പോലെ വലിയ സൈന്യമുണ്ടെങ്കിലും ജയിക്കാന്‍ കഴിയില്ലെന്നും ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ പ്രചരണം നടത്തവെ രാഹുല്‍ പറഞ്ഞു.

മോദി ഗുജറാത്തിലെ ആറു കോടി ജനങ്ങളോട് പറയുന്നതും മൂന്നോ നാലു കോടീശ്വരന്മാരായ സുഹൃത്തുക്കളോട് പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘ഗുജറാത്തിന്റെ സത്യവും ബി.ജെ.പിയുടെ സത്യവും തമ്മില്‍ ഒരു ബന്ധവുമില്ല. ബി.ജെ.പി സര്‍ക്കാറിന്റെ നയങ്ങളില്‍ കര്‍ഷകരും ആദിവാസികളും ദളിതുകളും മറ്റ് വിഭാഗങ്ങളും കനത്ത പ്രതിഷേധത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

chandrika: