X

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിക്കില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയതിനു പിറകെയാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹിയിലെ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങില്‍’ -കോണ്‍ഗ്രസ് സഖ്യത്തില്‍ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി രാഹുല്‍ഗാന്ധി പറഞ്ഞു.

സംസ്ഥാനത്തേയും കേന്ദ്രത്തിലേയും തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ സാധ്യതകളില്‍ വ്യത്യാസമുണ്ട്. ഇത് മായാവതി ചൂണ്ടിക്കാട്ടിച്ചിട്ടുണ്ട്. സഖ്യത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി ലിബറലാണ് ഞങ്ങള്‍. ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും സംസ്ഥാന തലത്തില്‍ ഒറ്റക്ക് നില്‍ക്കുന്നതാണ് നല്ലതെന്നാണ് അവരുടെ തീരുമാനമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം കൊണ്ടുവരാനാകില്ല. ആര്‍.എസ്.എസ് പോലുളള കേഡര്‍ സംവിധാനം ഉളള സംഘടനകളുടെ ഉദ്ദേശം എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുക്കലാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കില്ല.

ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രത്യയശാസ്ത്രമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ജനങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് പറഞ്ഞാലും തെറ്റില്ല. ഇത്തരത്തിലുളള പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുളളുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നാലേ ഇതിന് പരിഹാരമാകൂ. എന്നാല്‍ ഇതിനെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കളളപ്പണം തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനം മൂലം രാജ്യത്തിന്റെ ജി.ഡി.പിയുടെ രണ്ടുശതമാനം തുടച്ചുനീക്കപ്പെട്ടുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

chandrika: