ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നില്‍ക്കുന്ന വ്യാജചിത്രം പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. തീവ്രവാദി ആദില്‍ അഹമ്മദിനൊപ്പം രാഹുല്‍ഗാന്ധി നില്‍ക്കുന്ന ഫോട്ടോയാണ് ചിലയാളുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ സത്യാവസ്ഥ സോഷ്യല്‍മീഡിയ പൊളിച്ചടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് പരിപാടിക്കിടെ രാഹുല്‍ഗാന്ധി മറ്റൊരാളുമായി നില്‍ക്കുന്നതാണ് യഥാര്‍ത്ഥചിത്രം. ഇയാളുടെ തലവെട്ടിമാറ്റി രാഹുലിന്റെ തല വെട്ടിച്ചേര്‍ക്കുകയായിരുന്നു. ഗെറ്റി ഇമേജിലടക്കം രാഹുലിന്റെ പരിപാടിയുടെ ഒറിജിനല്‍ ചിത്രം ലഭ്യമാണെന്നിരിക്കെയാണ് വ്യാജചിത്രം പ്രചരിപ്പിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍പോലും വ്യാജപ്രചരണങ്ങള്‍ നടത്തി രാഷ്ട്രീയനേട്ടം നടത്തുന്നത് ക്രൂരതയാണെന്നാണ് ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.
പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും രംഗത്തെത്തിയിരുന്നു. ഭീകരരെ നേരിടുന്നതില്‍ സര്‍ക്കാരിനും സൈനികര്‍ക്കും ഒപ്പമാണ് പ്രതിപക്ഷം എന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഭീകരാക്രമണം കൊണ്ട് ഇന്ത്യയെ വിഭജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാജ്യത്തെ വിഭജിക്കാനാണ് ഭീകരാക്രമണത്തിലൂടെ ഭീകരര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഒരു നിമിഷം പോലും അവര്‍ക്ക് അതിനാവില്ല. പ്രതിപക്ഷം ജവാന്മാര്‍ക്കു സര്‍ക്കാരിനും ഒപ്പമാണ്. ഇന്ത്യയുടെ ഹൃദയത്തിനേറ്റ ആക്രമണമാണിത്. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ എടുക്കുന്ന എന്ത് തീരുമാനത്തിനൊപ്പവും പ്രതിപക്ഷം നില്‍ക്കുമെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഭീകരരുമായി ഒരു ചര്‍ച്ചക്കും രാജ്യം തയ്യാറല്ല. ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പറഞ്ഞു. ’40 ധീര ജവാന്മാരെയാണ് രാജ്യത്തിന് നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഭീകരാക്രമണ പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.