X

ശുഹൈബിന്റെ പിതാവിനെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട ശുഹൈബിന്റെ പിതാവിനെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിതാവായ സി.പി.മുഹമ്മദിനെ ഫോണില്‍ വിളിച്ച് രാഹുല്‍ ആശ്വസിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫോണിലേക്കു വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് രാഹുല്‍ സംസാരിച്ചത്.

എന്ത് സഹായത്തിന് വേണമെങ്കിലും ബന്ധപ്പെടാന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കുടുംബത്തിനൊപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉറപ്പ് നല്‍കി. ശുഹൈബിന്റെ വീട് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ശുഹൈബ് (30) തിങ്കളാഴ്ച രാത്രിയാണു കൊല്ലപ്പെട്ടത്. കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശുഹൈബിന്റെ കാലുകളില്‍ മാത്രം 37 വെട്ടുകളാണ് ഏറ്റത്. കാലുകളില്‍ മാത്രമാണു വെട്ടേറ്റതെന്നും ചോര വാര്‍ന്നാണു മരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പ്രതികളെ ഇതുവരേയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

chandrika: