രാഹുല്‍ ഗാന്ധിക്ക് വേണ്ടി നവ മാധ്യമങ്ങളില്‍ പ്രചാരണം സജീവമാക്കാന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ‘വാര്‍ റൂം’ ഒരുങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ മണ്ഡല പരിധിലുള്ള മുക്കത്താണ് വാര്‍ റൂം സജ്ജമാക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പരിചയ സമ്പന്നരായ ഒരു ഡസനിലേറെ വരുന്ന യുവാക്കള്‍ സംഘത്തിലുണ്ട്. പ്രചാരണത്തിനൊപ്പം മുഴുവന്‍ സമയം സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമങ്ങളില്‍ നുണ പ്രചാരണങ്ങള്‍ കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ പ്രത്യേക സംഘം വാര്‍ റൂമില്‍ ഉണ്ടായിരിക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വയനാട് ലോക്‌സഭാ മണ്ഡലം മീഡിയ കോ ഓര്‍ഡിനേറ്ററുമായ അഡ്വ. കെ.പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്.
എ.ഐ.സി.സി സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ദിവ്യ സ്പന്ദന ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തെക്കെന്നും വടക്കെന്നും വിഭജിക്കുന്നവര്‍ക്കുള്ള മറുപടിയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ദിവ്യ സ്പന്ദ പറഞ്ഞു. വയനാട്ടിലെ ഫലത്തെ കുറിച്ച് തികഞ്ഞ ശുഭപ്രതീക്ഷയുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ സാഹചര്യത്തിലാണ് വാര്‍ റൂം വഴി രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ തീരുമാനിച്ചതെന്നും ദിവ്യ സ്പന്ദ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാധ്യമ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.പി അനില്‍കുമാര്‍ സ്വാഗതവും കെ.പി നൗഷാദലി നന്ദിയും പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സജീവ് ജോസഫ്, എന്‍ സുബ്രഹ്മണ്യന്‍, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.