ചട്ടലംഘന പരാതികളില്‍ മോദിക്ക് തുടരെ ക്ലീന്‍ ചീറ്റുകള്‍ നല്‍കുകയും കോണ്‍ഗ്രസിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മോദി സര്‍ക്കാരിനെ വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപെടിക്കെതിരായാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍, കമ്മീഷന്‍ നീതിയുക്തമായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസിനോട് വിവേചനം കാണിക്കരുതെന്നും പറഞ്ഞു.
ഏപ്രില്‍ 23 ന് മധ്യപ്രദേശില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. ആദിവാസികള്‍ക്ക് നേരെ വെടിവയ്ക്കാന്‍ അനുവദിക്കുന്ന നിയമം മോദി സര്‍ക്കാര്‍ കൊണ്ടുവന്നുവെന്നായിരുന്നു വിവാദ പരാമര്‍ശം. എന്നാല്‍ പരാമര്‍ശത്തില്‍ ചട്ടലംഘനം ഇല്ലെന്ന് വ്യക്തമാക്കിയ രാഹുല്‍, സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായുള്ള രാഷ്ട്രീയ പ്രസംഗമാണ് താന്‍ നടത്തിയതെന്നും പരാതി തള്ളണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ 11 പേജുള്ള മറുപടിയില്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രസംഗം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അത് തടയുന്നത് തെരഞ്ഞെടുപ്പിന്റെ ആരോഗ്യപരമായ ചര്‍ച്ചയ്ക്ക് ഗുണം ചെയ്യില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്തുലിതമായ സാഹചര്യം ഒരുക്കണം. എന്നാല്‍ കമ്മീഷന്റെ പക്ഷത്ത് നിന്ന് ഏകപക്ഷീയവും വിവേചനപരവുമായ പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടും പരാതിയില്‍ നടപടി എടുക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി തുടരെ ക്ലീന്‍ ചിറ്റ് നല്‍കുകയാണ് കമ്മീഷന്‍. മറ്റ് പ്രതിപക്ഷ നേതാക്കളുടെ കാര്യത്തില്‍ അത്തരത്തിലല്ല കമ്മീഷന്റെ സമീപനമെന്നും ബിജെപിയുടെ ചട്ടലംഘന പരാതിക്ക് നല്‍കിയ മറുപടിയില്‍ രാഹുല്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയിലാണ് മധ്യപ്രദേശിലെ പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടായിട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയത്. നേരത്തെ മറുപടി നല്‍കുന്നതിന് രണ്ട് തവണ സമയം നീട്ടി വാങ്ങിയിരുന്നു രാഹുല്‍ ഗാന്ധി.