മുബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ നിന്നും നീരവ് മോദി 11000 കോടി രൂപ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘രാജ്യത്തെ കൊള്ളയടിക്കാന്‍ മോദിയെ ആലിംഗനം ചെയ്യുക, അല്ലെങ്കില്‍ ദാവോസില്‍ മോദിക്കൊപ്പം പങ്കെടുക്കുക. ഈ സ്വാധീനം ഉപയോഗിച്ച് 12,000 കോടിയുടെ തട്ടിപ്പ് നടത്താം. എന്നിട്ട് മല്യയെപ്പോലെ രാജ്യം വിടാം, സര്‍ക്കാര്‍ മറ്റു വഴികള്‍ കണ്ടുപിടിച്ചോളും’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഫ്രം1മോദി2അനദര്‍ എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം രാഹുല്‍ നല്‍കിയിട്ടുണ്ട്.
അതേ സമയം സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നീരവ് മോദി നില്‍ക്കുന്ന ചിത്രം പുറത്ത് വന്നു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ട്വിറ്ററിലൂടെചിത്രം പുറത്തുവിട്ടത്.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍(പിഎന്‍ബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ അതിസമ്പന്ന വജ്രവ്യാപാരി നീരജ് മോദി രാജ്യം വിട്ടതായാണ് പുറത്ത് വരുന്ന റിപോര്‍ട്ട്. സൂറത്തും ഡല്‍ഹിയുമടക്കമുള്ള 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോദിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജ്വല്ലറി ഉടമകളായ മെഹുല്‍ ചോക്‌സിയുടെയും നീരവ് മോദിയുടെയും രണ്ടു പിഎന്‍ബി ഉദ്യോഗസ്ഥരുടെയും വീടുകളിലും വിവിധ സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നു ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.