ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു.
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ ബന്ധുക്കളെ കാണാന്‍ ശ്രമിച്ച രാഹുലിനെ രണ്ട് തവണ പൊലീസ് തടഞ്ഞിരുന്നു. ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റ് ജന്തര്‍ മന്ദറില്‍ നിന്നും ഇന്ത്യാ ഗേറ്റിലേക്ക് സംഘടിപ്പിച്ച മെഴുകു തിരി കത്തിച്ചു കൊണ്ടുള്ള പ്രതിഷേധ മാര്‍ച്ചിനെത്തിയ രാഹുലിനെ പൊലീസുകാര്‍ തടയുകയും പിന്നീട് പൊലീസ് വാഹനത്തില്‍ കയറ്റി മറ്റൊരിടത്ത് ഇറക്കി വിടുകയുമായിരുന്നു.
പൊലീസ് പിടികൂടുകയും ഫിറോസ് ഷാ റോഡില്‍ ഇറക്കിവിടുകയുമായിരുന്നെന്ന് പിന്നീട് രാഹുല്‍ ട്വീറ്റ് ചെയ്തു. വിമുക്തഭടന്റെ കുടുംബത്തെ കൈകാര്യം ചെയ്ത രീതി തീര്‍ത്തും തെറ്റാണെന്നും ഇത് സൈന്യത്തിന്റെ മൊത്തം ആത്മധൈര്യത്തെ ബാധിക്കുന്നതാണെന്നും രാഹുല്‍ പിന്നീട് പറഞ്ഞു. പൊലീസ് ചുരുങ്ങിയപക്ഷം വിമുക്തഭടന്റെ കുടുംബത്തോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ജന്തര്‍ മന്ദറില്‍ നിമിഷം തോറും ജനക്കൂട്ടത്തിന്റെ വലിപ്പം കൂടി വന്നതിനാല്‍ രാഹുലിന്റെ സുരക്ഷ കണക്കിലെടുത്താണ് അദ്ദേഹത്തെ പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ കിഷന്‍ ഗ്രേവാളിന്റെ കുടുംബത്തെ കാണാന്‍ രണ്ടു തവണ ശ്രമിച്ചപ്പോഴും രാഹുലിനെ പൊലീസ് തടയുകയായിരുന്നു.