ഇന്തോനേഷ്യയുടെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത പ്രബോവോ സുബിയാന്തോയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ഇരു രാജ്യങ്ങൾക്കും പരസ്പര താൽപര്യമുള്ള മേഖലകളിൽ ആഴത്തിലുള്ള ഇടപഴകൽ തുടരനാവുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂടുതൽ നല്ല ബന്ധം വളർത്തിയെടുക്കാനാവുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രത്തിന്റെ എട്ടാമത്തെ പ്രസിഡന്‍റായി ഈ മാസമാദ്യമാണ് സുബിയാന്തോ അധികാരമേറ്റത്.
‘ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ എട്ടാമത് പ്രസിഡന്‍റായി അധികാരമേറ്റ വേളയിൽ താങ്കളെ അഭിനന്ദിക്കാൻ ഞാനാഗ്രഹിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭവിക്കുവേണ്ടി താങ്കൾക്ക് ജനങ്ങൾ വോട്ട് ചെയ്തുവെന്നും’ സുബിയാന്തോക്ക് അയച്ച കത്തിൽ ഗാന്ധി പറഞ്ഞു. ഇന്ത്യയും ഇന്തോനേഷ്യയും അവരുടെ അടുത്ത നാഗരിക ബന്ധങ്ങളിൽ വേരൂന്നിയ സൗഹൃദം കെട്ടിപ്പടുത്തുവെന്നും ഗാന്ധി പറഞ്ഞു.
‘നമ്മൾ പങ്കുവെച്ച ഭൂതകാലത്തിന്റെയും വർത്തമാനകാലത്തെ സ്ഥിരതയാർന്ന സ്വാധീനത്തിന്റെയും പ്രതീകമാണ് നമ്മുടെ സംസ്കാരം. താങ്കളുടെ നേതൃത്വത്തിൽ പരസ്പര താൽപര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും കൂടുതൽ ആഴത്തിലുള്ള ഇടപഴകൽ തുടരുമെന്നും ജനങ്ങളുമായി കൂടുതൽ നല്ല ബന്ധം വളർത്തിയെടുക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.
ഇന്തോനേഷ്യയിലെ പൗരൻമാർക്ക് ആശംസകൾ അറിയിക്കാനും സമീപഭാവിയിൽ ജനങ്ങളെ കാണാനും ആഗ്രഹിക്കുന്നുവെന്നും’ രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.