X

‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു’; ഷാനവാസ് എം.പിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: എം.ഐ ഷാനവാസ് എം.പിയുടെ വിയോഗത്തില്‍ അനുശോചിച്ച്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ്സിന് ആദരണീയനായ ഒരു അംഗത്തെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം.

വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ ശക്തനായ വക്താവായിരുന്നു എം.ഐ ഷാനവാസ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി അനുസ്മരിച്ചു. ദേശീയതലത്തില്‍ പല പ്രതിസന്ധികളിലും ഷാനവാസിന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് കരുത്ത് പകരുന്നതായിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള കോണ്‍ഗ്രസ് നിലപാട് പലപ്പോഴും വിശദീകരിച്ചിരുന്നത് അദ്ദേഹമാണെന്നും ആന്റണി പറഞ്ഞു.

അഗാധമായ പാണ്ഡിത്യവും വാക് സമര്‍ഥ്യവും ഷാനവാസിന്റെ പ്രത്യേകതയായിരുന്നു. വികസനക്കാര്യങ്ങളില്‍ കേരളത്തിന് വേണ്ടി ശക്തമായ പോരാട്ടം നടത്തിയ ജനപ്രതിനിധിയായിരുന്നു. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായിരുന്നുവെന്നും ഷാനവാസിന്റെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിനും തീരാ നഷ്ടമാണെന്നു ആന്റണി അനുസ്മരിച്ചു.

കരള്‍രോഗ ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അന്തരിച്ചത്.

മൃതദേഹം ഉച്ചക്കു ശേഷം വിമാനമാര്‍ഗം എറളാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിക്കും. ഖബറടക്കം നാളെ രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി ഖബര്‍സ്ഥാനില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. കോണ്‍ഗ്രസില്‍ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളില്‍ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തല്‍ ഘടകമായി(തിരുത്തല്‍വാദികള്‍ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളില്‍ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി – ജി.കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേര്‍.

1972 ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983 ല്‍ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹത്തെ ഈ വര്‍ഷം കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്‍നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്.

2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികില്‍സകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചു വീണ്ടും പാര്‍ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍, എംപിലാഡ്‌സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കള്‍.

chandrika: