ചെറിയ പെരുനാള്‍ കഴിഞ്ഞാലുടന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. കോണ്‍ഗ്രസ് നേതൃത്വമാണ് ഈ കാര്യം അറിയിച്ചത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ നിലപാടെടുത്തിട്ടില്ല . അദ്ദേഹം നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരതപര്യടനം നടത്തുന്ന കാര്യവും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.
പുതിയ അധ്യക്ഷനെ കണ്ടെത്തും വരെ തുടരണമെന്നാണ് രാഹുല്‍ ഗാന്ധിയോട് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ നിര്‍ദേശത്തോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല. അതേസമയം പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടി പദവി ആവശ്യപ്പെടും. പാര്‍ട്ടി ചുമതലകള്‍ കൈമാറിയ ശേഷം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരതപര്യടനം തുടങ്ങാനും ആലോചനയുണ്ട്. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കലാണ് ലക്ഷ്യം.
ഇന്ത്യയെ പോലുള്ള ജനാധിപത്യരാജ്യങ്ങള്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതില്‍ രാഹുല്‍ കഴിഞ്ഞദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും എന്നാണറിയുന്നത്. അതേസമയം, സംസ്ഥാന പാര്‍ട്ടികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി.
കര്‍ണാടകയിലും മധ്യപ്രദേശിലും സര്‍ക്കാരിന് ഭീഷണിയില്ലെന്ന് ഉറപ്പാലാണ്. ആദ്യഘട്ടം ഗുണയില്‍ പരാജയപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശ് പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയിലേക്കുള്ള ചോര്‍ച്ച തടയാന്‍ പിസിസികള്‍ക്ക് ശക്തമായ നേതൃതങ്ങള്‍ അടിയന്തരമായി വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. ഷീല ദീക്ഷിത് ഒഴിയുകയാണെങ്കില്‍ ഡല്‍ഹി പിസിസിയ്ക്കും പുതിയ അധ്യക്ഷന്‍ വരും.