ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ നയം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം മുഖ്യവിഷയമാവില്ലെന്നു രാഹുല്‍ വ്യക്തമാക്കി. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. അയോധ്യയിലെ രാമക്ഷേത്രം പൊതു തെരഞ്ഞെടുപ്പില്‍ മുഖ്യ അജണ്ടയാവുമോ എന്ന ചോദ്യത്തിന് മുഖ്യ ശ്രദ്ധ രാജ്യത്തെ യുവതക്ക് ജോലി, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയായിരിക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. അയോധ്യ വിഷയം കോടതി മുമ്പാകെയുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വ്യാപിച്ചു കിടക്കുന്ന അഴിമതിക്കെതിരായ പോരാട്ടമായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് അഭിഭാഷകരെ ഉപയോഗിച്ച് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് നേരത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. രാമ ഭക്തരും, ജനങ്ങളും രാഹുലിനോട് അദ്ദേഹത്തിന്റെ പൂണൂലിനെ കുറിച്ച് ചോദിക്കണമെന്നും മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ളതായിരുന്നോ ഇതെന്ന് ആരായണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാമക്ഷേത്ര വിഷയത്തില്‍ ഇതാദ്യമായി രാഹുല്‍ പ്രതികരണവുമായി രംഗത്തെത്തിയത്.