ലണ്ടന്‍: നോട്ടുനിരോധനം ആര്‍.എസ്.എസില്‍നിന്നു വന്ന നേരിട്ടുള്ള ബുദ്ധിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഈ തീരുമാനം തകര്‍ത്തു കളഞ്ഞുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ലണ്ടനില്‍ എത്തിയ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഗ്രാന്റ് കമ്മിറ്റി റൂമില്‍ സംസാരിക്കാന്‍ ക്ഷണം ലഭിക്കുന്ന ആദ്യ വിദേശരാഷ്ട്ര പ്രതിപക്ഷ നേതാവാണ് രാഹുല്‍ ഗാന്ധി.ബ്രിട്ടനിലെ ജനപ്രതിനിധി സഭയെ അഭിസംബോധന ചെയ്യുന്ന രാഹുല്‍, ലണ്ടനില്‍ ഇന്ത്യന്‍ സമൂഹവുമയും സംവദിക്കും.
അറബ് ലോകത്തെ മുസ്്ലിം ബ്രദര്‍ ഹുഡിന്റെ ആശയമാണ് ഇന്ത്യയില്‍ ആര്‍.എസ്.എസ് പിന്തുടരുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചിട്ടില്ല. അവയുടെ ഭാഗമായി നിന്നു പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ മുസ്്‌ലിം ബ്രദര്‍ ഹുഡിനെപ്പോലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ പിടിച്ചടക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ സ്വാഭാവികതക്ക് മാറ്റം വരുത്തുന്നതാണ് ആര്‍.എസ്.എസിന്റെ ഈ സമീപനം. നോട്ടുനിരോധനം ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍നിന്ന് നേരിട്ടു വന്ന ബുദ്ധിയാണ്. ധനമന്ത്രിയേയും റിസര്‍വ്ബാങ്കിനേയും പോലും ബൈപാസ് ചെയ്താണ് നോട്ടു നിരോധനം രാജ്യത്ത് നടപ്പാക്കിയതെന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ പിടിച്ചടക്കുന്ന ആര്‍.എസ്.എസ് നിലപാടിന് തെളിവാണ് ഇതെന്നും രാഹുല്‍ ആരോപിച്ചു.
ദലൈലാമ, നെല്‍സണ്‍ മണ്ടേല, മിഖായേല്‍ ഗോര്‍ബച്ചേവ് തുടങ്ങിയ പ്രമുഖര്‍ നേരത്തെ ഗ്രാന്റ് കമ്മിറ്റി റൂമില്‍ വച്ച് ജനപ്രതിനിധി സഭയെ അഭിസംബോധന ചെയ്തിരുന്നു.
അതേസമയം രാഹുലിന്റെ ആരോപണങ്ങളോട് രാഹുല്‍ ഗാന്ധി കാര്യങ്ങളെ അപക്വമായാണ് കാണുന്നതെന്ന് ആ ബി.ജെ.പി വക്താവ് സാമ്പിത് പത്ര പ്രതികരിച്ചു. പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരായ വിദ്വേഷം വിതക്കുക മാത്രമാണ് രാഹുലിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.