X

വാനിന് മുകളില്‍ കയറി രാഹുലിനെ ചുറ്റിപ്പിടിച്ച് പെണ്‍കുട്ടിയുടെ സെല്‍ഫി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹമ്മദാബാദ്: ഗുജറാത്തില്‍ റോഡ് ഷോ നടത്തുകയായിരുന്ന രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ ചാടിക്കയറി സെല്‍ഫിയെടുക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുന്നു. ബുധനാഴ്ച ബറൂച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് സംഭവം.

രാഹുലിന്റെ വാനില്‍ ചാടിക്കയറിയ പെണ്‍കുട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചാണ് സെല്‍ഫി എടുത്തത്. വാനില്‍ നിന്ന് ഇറങ്ങവേ പെണ്‍കുട്ടി വീഴാതിരിക്കാന്‍ രാഹുല്‍ കരുതല്‍ കാട്ടുകയും ചെയ്തു. ബറൂച്ചില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിന്‍ നടത്തുകയായിരുന്നു രാഹുല്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്യാംപെയിനിന് എത്തിയ രാഹുലിന് ഗുജറാത്തില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്ത് സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായാണ് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞടുപ്പ് മുന്നേറുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം വന്‍ വ്യവസായികള്‍ക്കും ധനികര്‍ക്കും വേണ്ടി മാത്രമാണ്. സാധാരണക്കാര്‍ക്ക് അത്യാവശ്യമായ വെള്ളവും വീടും വൈദ്യുതിയും മോദി സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ദക്ഷിണ ഗുജറാത്തിലെ ബിജെപി ശക്തികേന്ദ്രമായ ബറൂച്ചില്‍ നവ്‌സര്‍ജന്‍ യാത്രയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍.

തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു കോണ്‍ഗ്രസ് നടത്തുന്ന യാത്രയുടെ മൂന്നാംഘട്ടം, ജംബൂസറില്‍ ഉദ്ഘാടനംചെയ്ത രാഹുല്‍ മോദി സര്‍ക്കാരിനെയും സാമ്പത്തിക നയങ്ങളെയും കണക്കറ്റു വിമര്‍ശിച്ചു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ധനികരെ മാത്രം ലക്ഷ്യംവച്ചുള്ളതാണ്. ജിഎസ്ടിയും നോട്ട് നിരോധനവുംമൂലം രാജ്യം കരയുമ്പോള്‍ ബിജെപി അത് ആഘോഷിക്കുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.

അധികാരത്തിലേറിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള എത്ര പേരെ ജയിലിലാക്കാന്‍ ബിജെപി സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം ചോദിച്ചു. കള്ളപ്പണ വേട്ട പറഞ്ഞ് അധികാരത്തിലേറിയ മോദിക്ക് എത്ര പേരെ വെളിച്ചത്തു കൊണ്ടുവരാനായെന്ന് തെളിയിക്കണമെന്ന് രാഹുല്‍ വെല്ലുവിളിച്ചു. ‘വിജയ് മല്യയെ നോക്കൂ. അദ്ദേഹം ലണ്ടനില്‍ ജീവിതം ആഘോഷിക്കുകയാണ്. മോദിജി എന്താണ് ചെയ്തത്?, രാഹുല്‍ ചോദിച്ചു. ടാറ്റ, നാനോ പോലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കോടി കണക്കിന് രൂപ ലോണ്‍ നല്‍കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ദുരിതമനുഭവിക്കുന്ന ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഒന്നും നല്‍കുന്നില്ല. അവര്‍ ഇന്നും ദുരിതമനുഭവിക്കുകയാണ്. ടാറ്റക്ക് നല്‍കിയ ലോണ്‍ തുകയുണ്ടെങ്കില്‍ എല്ലാ കര്‍ഷകരുടെയും കടം എഴുതി തള്ളാമായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ബിജെപി, സമുദായ സംഘടനകളെ വോട്ടിനായി ഉപയോഗിക്കുന്നതു തിരിച്ചറിഞ്ഞവരാണു ഹാര്‍ദിക് പട്ടേലും, അല്‍പേഷ് ഠാക്കൂറുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസം വിവിധ സ്ഥലങ്ങളില്‍ ചെറുയോഗങ്ങളിലും പാര്‍ട്ടിസദസുകളിലും രാഹുല്‍ സംബന്ധിക്കും. വെള്ളിയാഴ്ച സൂറത്തില്‍ മഹാറാലിയോടെ പര്യടനം അവസാനിക്കും.

chandrika: