രാജ്യത്ത് തിരഞ്ഞെടുപ്പ് സമാഗമമായാല്‍ യാത്രകള്‍ പതിവാണ്. പാര്‍ട്ടിയുടേയും കൊടിയുടേയും നിറം മാത്രമേ മാറൂ. എല്ലാ യാത്രകളും ലക്ഷ്യമിടുന്നത് മാറ്റം തന്നെയാണ്. അല്ലെങ്കിലും മാറ്റമെന്ന വാക്ക് അല്ലാത്തതെല്ലാം മാറേണ്ടത് തന്നെയാണല്ലോ. ഈ യാത്രകളെ വ്യത്യസ്ഥ രീതിയിലാണ് നാം ബ്രാന്‍ഡ് ചെയ്യാറുള്ളത്. ചില യാത്രകള്‍ക്ക് തുടക്കവും ഒടുക്കവും ഒരിടമായിരിക്കും. പലരും പല രീതിയിലുമാണ് യാത്രകള്‍ പുറപ്പെടാറുള്ളത്. ട്രെയിന്‍ മുതല്‍ കാല്‍നട യാത്രവരെ ഇതില്‍പെടും. ഇത്തരം യാത്രകള്‍ ചിലതെങ്കിലും ഇന്ത്യയെ ആഴത്തില്‍ മുറിവേല്‍പിക്കുന്ന രീതിയില്‍ കീറിമുറിക്കാന്‍ പാകമാക്കിയവയാണെങ്കില്‍ മറ്റു ചിലത് വിസ്മൃതിയില്‍ ആണ്ടുപോയവയാണ്.
1990ല്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി രാമക്ഷേത്രത്തിനായി രഥമുരുട്ടിയത് ഇന്ത്യയുടെ മതേതരത്വത്തിന് മീതെയായിരുന്നു. അടുത്ത കാലത്തായി അധികാരത്തിലെത്തിയ സംസ്ഥാന മുഖ്യമന്ത്രിമാരെല്ലാം ഇത്തരത്തില്‍ ജനങ്ങളെ ഉണര്‍ത്തി അധികാരം പിടിച്ചവരാണ്. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയാണിപ്പോള്‍ വിഷയം. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ്ഗാന്ധി കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് 1990 ജൂണ്‍ ഏഴിന് 35 ദിവസം നീണ്ടുനിന്ന ഭാരത് യാത്ര നടത്തിയിരുന്നു. ഏതാണ്ട് ഇതേ പാതയിലാണ് പുത്രനും.
പക്ഷേ യാത്ര തുടങ്ങിയപ്പോഴേക്ക് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ഇത് സഹിക്കാന്‍ പറ്റാതായിരിക്കുന്നു. യാത്രക്ക് ആളു കൂടുന്നതും കണ്ടെയ്‌നറില്‍ അന്തിയുറങ്ങുന്നതുമൊക്കെ സഹിക്കാം, പക്ഷേ രാഹുലിന്റെ ടീ ഷര്‍ട്ടിന് വിലയെത്രയെന്നാണ് ബി.ജെ.പിക്കാരുടെ ചോദ്യം. 41,000 എന്ന് അവര്‍ വിലയുമിട്ടു. ലക്ഷങ്ങളുടെ കോട്ടും കോട്ടില്‍ പേരും തുന്നിച്ചേര്‍ക്കുന്ന പ്രധാനമന്ത്രിയെ മുന്നില്‍നിര്‍ത്തിയാണ് ഈ ചോദ്യമെന്നതാണ് ഇതിലെ വിരോധാഭാസം. 150 ദിവസം ഹോട്ടലുകളില്‍ പോലും തങ്ങാതെയാണ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് റിപ്പോര്‍ട്ട് വന്നപ്പോഴേ സംഘ്പരിവാര്‍ നുണ ഫാക്ടറികള്‍ ഓവര്‍ടൈം വര്‍ക്ക് ആരംഭിച്ചിരുന്നു. വഴിയോരത്തുനിന്നും ഭക്ഷണം കഴിക്കുന്നത് അത്ര വലിയ സംഭവമൊന്നുമല്ലെന്ന് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും കുടിലിലേക്ക് ഭക്ഷണം വരുത്തി കഴിച്ച് പടം അയക്കുന്ന പാര്‍ട്ടി പറയുന്നത്. ഞാനാണ് പാര്‍ട്ടി എന്ന അഹങ്കാരത്തില്‍ ജനത്തെ എതിരാക്കുന്ന ചുവരു താങ്ങി പല്ലികളായ, അധികാരദുര മൂത്ത് പാളയം മാറിയ കടല്‍ക്കിഴവന്‍മാര്‍ മുതല്‍ സകല ഞാഞ്ഞൂലുകളും പത്തി വിടര്‍ത്തി യാത്രക്കെതിരെ തിരിഞ്ഞുകഴിഞ്ഞു. ഇന്ത്യയെ കേള്‍ക്കാനാണു യാത്രയെന്ന പ്രഖ്യാപനം അന്വര്‍ഥമാക്കിക്കൊണ്ട് കേള്‍ക്കാനുള്ള ഒരവസരവും രാഹുല്‍ വിട്ടുകളയുന്നില്ല. സാധാരണക്കാരന്റെ സ്പന്ദനമുള്ള എല്ലാ തുരുത്തുകളിലേക്കും കേള്‍വിക്കാരനായി രാഹുല്‍ കടന്നു ചെല്ലുന്നു. ആള്‍ക്കൂട്ടത്തില്‍ അലിയുന്ന നേതാവാകുന്നുവെന്നത്തന്നെ ഇവര്‍ക്കെല്ലാം സഹിക്കാവുന്നതിനും അപ്പുറമാണ്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രപൗത്രനും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ കൊച്ചുമകനും ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുടെ മകനുമായ രാഹുല്‍ ഗാന്ധി പ്രതിസന്ധികള്‍ ഏറെ നീന്തിക്കടന്നവനാണെന്നത് എല്ലാവരും മറക്കുന്നു. 1984ല്‍ മുത്തശ്ശി ഇന്ദിരാഗാന്ധി വെടിയേറ്റുമരിക്കുമ്പോള്‍ രാഹുലിന് പ്രായം പതിനാല്. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം വീടിനകത്തായി. കാരണം സുരക്ഷ തന്നെ. 1991ല്‍ പിതാവ് രാജീവ്ഗാന്ധി വധിക്കപ്പെടുമ്പോള്‍ പ്രായം 21, അന്ന് വിദേശത്ത് പഠിക്കുകയാണ് രാഹുല്‍. രാഷ്ട്രീയം പാരമ്പര്യമാണെങ്കിലും മുത്തശ്ശിയുടെയും അച്ഛന്റെയും രക്തസാക്ഷിത്വം രാഹുലിനെ അസ്വസ്ഥനാക്കിയിട്ടുണ്ടാവും. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്ക് വന്നത് വൈകിയുമാണ്. 1998മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്ന അമ്മ സോണിയാഗാന്ധിക്ക് താങ്ങും തണലുമായി രാഹുല്‍ ഉണ്ടായിരുന്നെങ്കിലും തീരുമാനങ്ങള്‍ മുതിര്‍ന്ന തലമുറ തന്നെയാണ് കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ പാര്‍ട്ടി തലപ്പത്തേക്ക് വരുമ്പോള്‍ തന്റേതായ ഒരു ടീമിനെ കൂടെക്കൂട്ടണമെന്ന് രാഹുല്‍ കരുതിയിട്ടുണ്ടെങ്കില്‍, അതിനെ തെറ്റുപറയാനാവില്ല. തന്റെ കഴിവിന്റെയും കഴിവുകേടിന്റെയും മാറ്റു നോക്കേണ്ടത് ഇന്ത്യയിലെ ജനങ്ങളാണെന്ന് ഈ നേതാവ് പറയുന്നു. 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരില്‍ യാത്രക്ക് സമാപനമാകുമ്പോള്‍ മാറ്റം വരുമോ എന്നാണ് ഇനി അറിയേണ്ടത്. രാജ്യത്തിന്റെ സ്പന്ദനങ്ങളെ മനസിലാക്കി രാഹുലെത്തുമ്പോള്‍ ഒരു മാറ്റം പ്രതീക്ഷിക്കാം.