ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയേയും ആവോളംകൊട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വ്യാജ ഡിഗ്രി കേസില്‍ കുടുങ്ങിയ അങ്കിവ് ബൈസോയ ഡി.യു.എസ്.യു പ്രസിഡന്റ് സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ സമാന സംഭവത്തില്‍ വിവാദത്തിലായ മോദിയേയും സ്മൃതിയേയും പരിഹസിച്ച് രാഹുല്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം.
“ശ്രീ അമ്പത്തിയാറ് ഇഞ്ചുകാരനും അദ്ദേഹത്തിന്റെ മന്ത്രിമാരും ബി.ജെ.പിയുടെ കാബിനറ്റ് പദവിലേക്ക് നേരത്തെ എത്താനുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന വ്യാജ പ്രചരണവും രാഷ്ട്രീയ അധഃപതവും ആര്‍.എസ്.എസ് രീതികളാണെല്ലോ.
അതുകൊണ്ടാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ സംഘ്പരിവാര്‍ അതിന്റെ “ഫറജിക്കല്‍സ് സ്‌ട്രൈക്ക്” തുടരുന്നതെന്നും”, രാഹുല്‍ കുറ്റപ്പെടുത്തി.
വ്യാജ ഡിഗ്രി ബിജെപിയുടെ ഡി.എന്‍.എയില്‍ ഉള്ളതാണെന്ന തലകെട്ടോടെ ഡി.യു.എസ്.യു പ്രസിഡന്റ് സ്ഥാനം രാജിവെച്ച അങ്കിവ് ബൈസോയയുടേയും നരേന്ദ്രമോദി, സ്മൃതി ഇറാനി എന്നിവരുടേയും ചിത്രങ്ങള്‍ ഒപ്പം വെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ യോഗ്യതയിലും വ്യാജസര്‍ട്ടിഫികറ്റ് വിഷയത്തിലും വിവാദത്തിലിരിക്കുന്ന നേതാക്കളാണ് നരേന്ദ്രമോദിയേയും സ്മൃതി ഇറാനിയും. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബി.എ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നായിരുന്നു 2014ല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ മോദി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി സര്‍വകലാശാല തയാറായിരുന്നില്ല. റോള്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വകലാശാല നല്‍കിയ മറുപടി.
അതേസമയം സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതസംബന്ധിച്ച രേഖകള്‍ തേടിയെത്തിയ വിവരാവകാശ കമ്മീഷനോട് ബിരുദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടരുതെന്ന് കേന്ദ്രമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി വ്യക്തമാക്കിയത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അങ്കിതിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്താന്‍ ഡല്‍ഹി സര്‍വകലാശാലക്ക് ഡല്‍ഹി ഹൈക്കോടതി സമയം നല്‍കിയതോടെയാണ് ഗത്യന്തരമില്ലാതെ അങ്കിതിന്റെ രാജിയുണ്ടായത്. സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയോട് പരാജയപ്പെട്ട എന്‍.എസ്.യുവാണ് തിരുവള്ളുവര്‍ സര്‍വകലാശാലയുടെ പേരില്‍ അങ്കിത് സമര്‍പ്പിച്ച ബി.എ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പുറത്തു കൊണ്ടുവന്നിരുന്നത്. തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാലാ അധികൃതരും വ്യക്തമാക്കിയിരുന്നു. അങ്കിത് ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ എം.എ ബുദ്ധിസ്റ്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ്.