ന്യൂഡല്‍ഹി: നോട്ടു നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം ഇല്ലാതായില്ലെന്നും പകരം നോട്ടുമാറ്റി നല്‍കുന്ന പുതിയ കരിഞ്ചന്ത ഉണ്ടാവുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് പിന്‍വലിക്കാന്‍ പ്രഖ്യാപിച്ച സമയം തീരുകയാണ്. എന്നാല്‍ ജനങ്ങളുടെ ദുരിതത്തിന് ഒരു കുറവും വന്നിട്ടില്ല. സാധാരണ ജനങ്ങളുടെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും നേരെയാണ് നോട്ടു നിരോധനത്തിലൂടെ മോദി ആക്രമണം നടത്തിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നോട്ടു പിന്‍വലിക്കല്‍ സമയം ഇന്ന് തീരാനിരിക്കെ, പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് വിത്തും മറ്റ് അസംസ്‌കൃത വസ്തുക്കളും വാങ്ങാന്‍ കഴിയുന്നില്ല. സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയാതെ ഇടത്തരം ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലായി. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കോര്‍പ്പറേറ്റുകളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പറഞ്ഞ രാഹുല്‍, സഹാറയില്‍നിന്നും ബിര്‍ളയില്‍നിന്നും മോദി കോഴ വാങ്ങിയെന്ന ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ബിര്‍ളയില്‍നിന്ന് 12 കോടി വാങ്ങി. സഹാറയില്‍നിന്ന് 40 കോടി രൂപ കൈപറ്റിയെന്നും രാഹുല്‍ പറഞ്ഞു.സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ചില പ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്നത് സംബന്ധിച്ച ചോദ്യത്തിന് അവര്‍ക്ക് മറ്റു തിരക്കുകള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നായിരുന്നു രാഹുലിന്റെ മറുപടി. എസ്.പി, ബി.എസ്.പി, ജെ.ഡി.യു, എന്‍.സി.പി എന്നീ കക്ഷികളും ഇടതുമുന്നണിയുമാണ് വിട്ടുനിന്നത്. തങ്ങളോട് ആലോചിക്കാതെയാണ് സംയുക്ത വാര്‍ത്താ സമ്മേളനം പ്രഖ്യാപിച്ചതെന്നായിരുന്നു സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയാണ് ഇടതു പാര്‍ട്ടികളെ പിണക്കിയത്. തുടര്‍ന്ന് സ്വന്തം നിലയില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഈ പാര്‍ട്ടികള്‍ തീരുമാനിക്കുകയായിരുന്നു.