പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എന്‍ഡിഎ സര്‍ക്കാരിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കില്‍ ഡല്‍ഹിയുടെ വലിപ്പമുള്ള ഭൂമി ചൈനീസ് സൈന്യം കൈവശപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതൊരു ദുരന്തത്തിന് സമാനമായ പ്രവൃത്തിയാണ്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല. അകാരണമായിട്ടാണ് ചൈന രാജ്യത്തിന്റെ ഭൂമിയിലേക്ക് നുഴഞ്ഞു കയറിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അമേരിക്ക, ഇന്ത്യ തുടങ്ങിയ ജനാധിപത്യ രാജ്യങ്ങള്‍ ഉല്‍പ്പാദനമേഖലയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാനും രാഹുല്‍ ആഹ്വാനം ചെയ്തു. ചൈനയുടെ കുത്തക അവസാനിപ്പിക്കുന്നത് വഴി നിര്‍ണായകമായ തന്ത്രപരവും സാമ്പത്തികവുമായ നേട്ടമുണ്ടാകുമെന്നും അമേരിക്കന്‍ സന്ദര്‍ശനത്തില്‍ രാഹുല്‍ പറഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഉല്‍പ്പാദനത്തെ അവഗണിച്ച് സേവന സമ്പദ്വ്യവസ്ഥ മാത്രം പ്രവര്‍ത്തിപ്പിക്കുമെന്ന് പറയുന്ന നിലപാട് ശരിയല്ല. അത് തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കും. അമേരിക്കയും ഇന്ത്യയും ആഗോള സമ്പദ്വ്യവസ്ഥയില്‍ പ്രത്യേകിച്ച് ഉല്‍പാദന മേഖലയിലുള്ള പങ്ക് വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎസ് പര്യടനത്തിന്റെ മൂന്നാം ദിവസവും ബിജെപിയെയും ആര്‍എസ്എസിനെയും കോണ്‍ഗ്രസ് നേതാവ് കടന്നാക്രമിച്ചു. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ പോരാട്ടം രാജ്യത്തിന്റെ നല്ല ഭാവിക്കു വേണ്ടിയുള്ള വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണ്. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്‍ഡ്യ മുന്നണിയുടെ നിലപാടിനെക്കുറിച്ചും രാഹുല്‍ വിശദീകരിച്ചു.
ആര്‍എസ്എസിന് ഇപ്പോഴും ഇന്ത്യയുടെ മനസ് മനസിലായിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ താഴ്ന്നവരാണ് എന്ന് ഇപ്പോഴും വിശേഷിപ്പിക്കുന്നത് അതിനാലാണെന്നും രാഹുല്‍ പറഞ്ഞു.