X
    Categories: CultureNewsViews

ചുരം കയറാനൊരുങ്ങി ദേശീയ രാഷ്ട്രീയം

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: ഒറ്റദിനം കൊണ്ട് ദേശീയ രാഷ്ട്രീയം കാതോര്‍ക്കുന്ന മണ്ഡലമായിക്കഴിഞ്ഞിരിക്കുന്നു വയനാട്. ഗോത്രവിഭാഗങ്ങളും കുടിയേറ്റ കര്‍ഷകരുമടങ്ങുന്ന സംസ്ഥാനത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മണ്ഡലമാണ് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ലോകശ്രദ്ധയിലേക്കെത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്ത് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയാവാന്‍ ഏറെ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി മത്സരിക്കാനെത്തുന്നതോടെയാണ് വയനാട് ലോകോത്തര മണ്ഡലമാവുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ആകാംക്ഷയോടെ വീക്ഷിക്കുന്ന ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ ഇനിമുതല്‍ മലകള്‍ അതിരിടുന്ന ഈ മണ്ഡലത്തിലേക്ക് കൂടി പതിയും. രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുമെന്നറിഞ്ഞതോടെ മണ്ഡലമാകെ ആവേശത്തിമിര്‍പ്പിലാണ്. അടിസ്ഥാനസൗകര്യ- വികസനരംഗങ്ങളില്‍ പതിറ്റാണ്ടുകള്‍ പിന്നിലോടുന്ന ഒരു നാടിന്റെ മുഖഛായ മാറുമെന്ന പ്രതീക്ഷയില്‍ ഇന്നലെ വൈകിട്ട് മുതല്‍ ഗ്രാമങ്ങളാകെ തെരുവിലിറങ്ങി. പ്രളയത്തില്‍ സര്‍വ്വവും തകര്‍ന്ന ഒരു നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് രാഹുലിന്റെ വരവ് കാരണമാവുമെന്ന പ്രതീക്ഷയില്‍ സന്ധ്യയോടെ മണ്ഡലത്തിലാകെ ആഹ്ലാദപ്രകടനങ്ങളും നടന്നു.
കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ എത്തുന്നതോടെ ദക്ഷിണേന്ത്യയിലാകെ യു.പി.എ തരംഗം അലയടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. രാഹുല്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നു എന്ന വാര്‍ത്ത അത്യാഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി ചന്ദ്രികയോട് പറഞ്ഞു. രാഹുലിന് സ്വാഗതമര്‍പ്പിച്ച് മാനന്തവാടി ടൗണില്‍ ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രകടനവും നടന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം കാര്‍ഷിക വായ്പകള്‍ തള്ളിക്കളയാന്‍ നിര്‍ദ്ദേശം നല്‍കിയ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം മണ്ഡലത്തിലെ കര്‍ഷകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ഒരാഴ്ചക്കിടെ മാനന്തവാടിയിലും നിലമ്പൂരിലും രണ്ട് വീടുകള്‍ ബാങ്കുകള്‍ ജപ്തി ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ തവണ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരിലെ ഏക വനിതാമന്ത്രി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പി.കെ ജയലക്ഷ്മിയായിരുന്നു. രാഹുല്‍ ഗാന്ധി ജില്ലയിലെത്തി നടത്തിയ യുവപ്രതിഭകളുടെ സംഗമത്തിലാണ് ജയലക്ഷ്മി കോണ്‍ഗ്രസ് നേതൃനിരയിലേക്ക് വരുന്നത്. ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് അത്തവണ ജില്ലയിലുണ്ടായത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ദലിത് ആദിവാസി വിഭാഗങ്ങളും ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.
റെയില്‍, ജല, വ്യോമ ഗതാഗതസംവിധാനങ്ങളില്ലാത്ത ജില്ലയില്‍ ഭാവി ഇന്ത്യയുടെ നേതാവ് മത്സരിക്കാനെത്തുന്നത് വികസനരംഗത്തെ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന വിശ്വാസത്തിലാണ് വ്യാപാരികളും, വിനോദസഞ്ചാരമേഖലയും. അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി നിലമ്പൂര്‍ – നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാനും, രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് നേടാനും രാഹുല്‍ ഗാന്ധിയുടെ വിജയം കാരണമാവുമെന്ന കാര്യത്തില്‍ ജില്ലക്ക് സംശയമില്ല.
ഏല്ലാത്തിനുമുപരി രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ മതസൗഹാര്‍ദ്ദം കാത്ത് സൂക്ഷിച്ച് പോരുന്ന മണ്ഡലത്തില്‍ ഫാസിസത്തിനെതിരെ വിധിയെഴുതാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കിട്ടിയ സന്തോഷത്തിലാണ് വോട്ടര്‍മാര്‍. സോഷ്യല്‍മീഡിയകളാകെ രാഹുലിനെ സ്വാഗതം ചെയ്യുന്ന തിരക്കിലായിരുന്നു ഇന്നലെ. പരമ്പരാഗത ഇടതുകേന്ദ്രങ്ങളടക്കം സന്തോഷത്തോടെയാണ് രാഹുലിന്റെ വരവിനെ കാണുന്നത്. വോട്ടെണ്ണുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുല്‍ഗാന്ധിയുടെ പേരിലെഴുതാനുള്ള തയ്യാറെടുപ്പിലാണ് സാമൂഹ്യ സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ പിന്തള്ളപ്പെട്ടുപോയ ഒരു ജനവിഭാഗമാകെ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: