കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: അധിനിവേശത്തിനെതിരെ പേരാടിയ വീരപഴശ്ശിയുടെ മണ്ണില്‍ ഫാസിസത്തിനെതിരെ ചരിത്രപോരാട്ടത്തിന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുമ്പോള്‍ വീണ്ടുമൊരു ചരിത്രനിയോഗത്തില്‍ വയനാട്. ഇന്ത്യയെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ ഐക്യത്തിന്റെ സന്ദേശവുമായെത്തുന്ന രാഹുല്‍ ഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കുക എന്ന ദൗത്യത്തില്‍ കുറഞ്ഞതൊന്നും വയനാടന്‍ ജനതയെ തൃപ്തരാക്കില്ല. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് നടക്കുന്ന അതിനിര്‍ണായക തെരഞ്ഞെടുപ്പില്‍ ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യാനുള്ള ഭാഗ്യത്തില്‍ അഭിമാനിക്കുകയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരം വിനിയോഗിക്കാന്‍ അത്യാഹ്ലാദത്തോടെ കാത്തിരിക്കുകയാണ് മലയോര കര്‍ഷക മനസ്സ്. ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ഇന്നലെ രാവിലെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ആഹ്ലാദപ്രകടനങ്ങളിലമര്‍ന്നു മണ്ഡലത്തിലെ തെരുവുകളാകെ. കനത്ത ചൂടിനെ അവഗണിച്ച് മണ്ഡലം ഉള്‍ക്കൊള്ളുന്ന വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നൂറ് കണക്കിന് പ്രകടനങ്ങളാണ് നടന്നത്. അഛന്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ഉള്‍ക്കൊള്ളുന്ന വയനാടുമായി ആത്മബന്ധമുള്ള രാഹുലിനെ തങ്ങളിലൊരുവനായി കാണാനാണ് വയനാടിനിഷ്ടം.
രാവിലെ വാര്‍ത്ത വന്നയുടനെ കല്‍പ്പറ്റയിലെ ഡി.സി.സി ഓഫീസിലും ലീഗ് ഹൗസിലും ആവേശം ഉഛസ്ഥായിലെത്തി. മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് ഹൈക്കമാന്റ് തീരുമാനത്തെ നേതാക്കള്‍ വരവേറ്റത്. മണ്ഡലത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നടന്ന പ്രകടനങ്ങളില്‍ തടിച്ചുകൂടിയ യുവജനങ്ങളുടെ ആധിക്യം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പുതിയ ഇന്ത്യ എത്രമേല്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായി. യു.ഡി.എഫ് ബ്രാഞ്ച്, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന യാത്രകളിലെ ജനപങ്കാളിത്തം രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റെക്കോഡിലെത്തുമെന്നതിന്റെ സൂചനയായി. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനും പ്രചരണത്തിനും രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തുമ്പോള്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പ് മണ്ഡലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലാദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.പി.എ ക്യാമ്പയിന്‍ അധ്യക്ഷനായി ഘടകക്ഷികള്‍ മുഴുവന്‍സമയ പ്രചരണവുമായി രംഗത്തുണ്ട്.
വയനാട് മണ്ഡലത്തോട് അതിരിടുന്ന കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആവേശത്തോടെയാണ് വരവേറ്റത്. അതിര്‍ത്തി ജില്ലയായ നീലഗിരിയിലെ ഡി.എം.കെ മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനങ്ങള്‍ നടന്നു. ഗോണിക്കുപ്പ, ഗുണ്ടില്‍ പേട്ട്, ഗോപാല്‍സ്വാമി ബേട്ട തുടങ്ങിയ സ്ഥലങ്ങളിലും യു.പി.എ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഇന്നലെ പ്രധാന ചര്‍ച്ചയായത്.
വിവിധ കാരണങ്ങളാല്‍ പൊതുഇടത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോയ വയനാടിന് യു.ഡി.എഫ് നല്‍കുന്ന കരുതലായാണ് രാഹുല്‍ ഗാന്ധിയുടെ വരവിനെ വോട്ടര്‍മാര്‍ കാണുന്നത്. വ്യോമ, ജല, റെയില്‍ ഗതാഗത സംവിധാനങ്ങളില്ലാത്ത വയനാട്ടില്‍ പതിറ്റാണ്ടുകളുടെ വികസനസ്വപ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ യാഥാര്‍ത്ഥ്യമാവുമെന്നും വോട്ടര്‍മാര്‍ ഉറച്ചുവിശ്വസിക്കുന്നു. കര്‍ഷകരുടെയും, ഗോത്രവിഭാഗങ്ങളുടെയും ദുരിതങ്ങള്‍, നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത, രാത്രിയാത്രാ വിലക്ക്, വനാതിര്‍ത്തിഗ്രാമങ്ങളിലെ പുനരധിവാസം, ചുരം ബദല്‍ റോഡുകള്‍ തുടങ്ങിയ പദ്ധതികളിലൊക്കെ ചരിത്രതീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, എന്‍.സി.സി അക്കാദമി, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സബ് സെന്റര്‍ തുടങ്ങി ഇടതു സര്‍ക്കാര്‍ പാതിയിലുപേക്ഷിച്ച പദ്ധതികള്‍ക്കും രാഹുല്‍ ഗാന്ധിയുടെ വിജയത്തോടെ പുതുജന്മം ലഭിക്കമെന്നും വോട്ടര്‍മാര്‍ കരുതുന്നു. മതസൗഹാര്‍ദ്ദത്തിനും പിന്നാക്ക ദലിത ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നതിലെ അഭിമാനത്തില്‍ തെരുവാകെ രാഹുല്‍ മയമായി മാറിക്കൊണ്ടിരിക്കുകയാണ് രാഹുലിന്റെ വയനാട്.
മലകയറിയ ആവേശം
Tags: loksabha election 2019