X
    Categories: Views

രാഹുല്‍ ഗാന്ധി ബഹ്‌റൈന്‍ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

 

മനാമ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിദേശ കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയും സന്നിഹിതനായിരുന്നു. ഗ്‌ളോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഈയിടെ ഏറ്റെടുത്ത രാഹുല്‍ ഗാന്ധി.
ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭകക്ഷി ബന്ധം ചര്‍ച്ച ചെയ്ത ഇരു നേതാക്കളും, ഉറച്ച ബന്ധം തുടരാന്‍ വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. വികസനം, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങി ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈന്‍ വികസനത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കും വിധം തൊഴില്‍ വിപണി സക്രിയമാണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
കിരീടാവകാശിയും ബഹ്‌റൈന്‍ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ രാജകുമാരനുമായും ബഹ്‌റൈന്‍ ഭരണകൂടത്തിലെ പ്രമുഖരുമായും കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചതില്‍ സന്തോഷം അറിയിച്ച രാഹുല്‍ ഗാന്ധി, ഇന്ത്യയും ബഹ്‌റൈനുമായി ചരിത്രപരമായി ഉറച്ച ബന്ധമാണുള്ളതെന്ന് അനുസ്മരിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവ അധ്യക്ഷനായി അധികാരമേറ്റ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. നേരത്തെ, വിദേശ കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ രാഹുല്‍ ഗാന്ധിയെയും പ്രതിനിധി സംഘത്തെയും സ്വീകരിക്കുകയും ബഹുമാനാര്‍ത്ഥം വിരുന്നൊരുക്കുകയും ചെയ്തിരുന്നു.
ഡോ. ശശി തരൂര്‍ എംപി, സാം പിത്രോദ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയ രാഹുലിനെ അഭിനന്ദിച്ച വിദേശ കാര്യ മന്ത്രി, ബഹ്‌റൈന്‍ സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് സൂചിപ്പിച്ചു.

chandrika: