X

മസൂദ് അസ്ഹറിനെ വിട്ടയച്ചത് ആരെന്ന് പറയാന്‍ മോദി ധൈര്യം കാണിക്കണമെന്ന് രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ വിട്ടയച്ചത് ആരാണെന്ന് പറയാന്‍ മോദി തയ്യാറാവണമെന്ന് രാഹുല്‍ പറഞ്ഞു.
മസൂദിനെ വിട്ടയച്ചത് ബി.ജെ.പി സര്‍ക്കാരാണ്. ഭീകരവാദത്തിന് മുന്നില്‍ കോണ്‍ഗ്രസ് തലകുനിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കര്‍ണാടകയിലെ ഹാവേരിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.

”ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുല്‍വാമയില്‍ നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ചു. അവരുടെ മരണത്തിന് പിന്നില്‍ ആരാണ്? ഭീകരാക്രമണം നടത്തിയ ജെയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ തലവന്‍ ആരാണ്? ഇന്ത്യന്‍ ജയിലിലായിരുന്ന മസൂദ് അസ്ഹറിനെ സ്വതന്ത്രനാക്കിയത് ബി.ജെ.പി ഗവണ്‍മെന്റായിരുന്നില്ലേ? ‘ രാഹുല്‍ ഗാന്ധി ചോദിച്ചു.

പുല്‍വാമ ഭീകരാക്രമണം തടയാന്‍ എന്തുകൊണ്ട് മോദി സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, തീവ്രവാദത്തോട് ബി.ജെ.പിക്കുള്ള നിലപാടല്ല കോണ്‍ഗ്രസിനുള്ളതെന്നും വ്യക്തമാക്കി. ഭീകരവാദത്തിന് മുന്നില്‍ തലകുനിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ ജയില്‍ മോചിതനാക്കിയത് ആരെന്നായിരുന്നു പ്രധാനമന്ത്രിയോടുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്ന മസൂദ് അസ്ഹറിനെയും രണ്ട് ഭീകരരെയും മോചിപ്പിച്ചത് ബിജെപി മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരായിരുന്നു. പിന്നീട് ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങളുടെയും പിന്നില്‍ ജയ്‌ഷെ മുഹമ്മദ് ആയിരുന്നുവെന്നത് തെളിഞ്ഞിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും യുപിഎ കാലത്തും പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഉചിതമായ മറുപടികള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തിന്റെ അതീവ ജാഗ്രതയാര്‍ന്ന തിരിച്ചടികള്‍ അന്നത്തെ പ്രധാനമനമന്ത്രിമാര്‍ രാഷ്ട്രീയ നേട്ടത്തിനായി വിളിച്ചറിയിക്കാതെ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം ഉണ്ടാക്കാനാണ് ശ്രമിച്ചത്.

അതേസമയം മോദി സര്‍ക്കാര്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലും രാഷ്ട്രീയവത്ക്കരിക്കാനാണ് ശ്രമിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും മോദിയും ബി.ജെ.പിയും വ്യാപകമായി സൈന്യത്തെ മുതലെക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്്.

chandrika: