ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 15 കാണാന്‍ രാഹുല്‍ഗാന്ധി തിയ്യേറ്ററില്‍. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഒരു തിയേറ്ററില്‍ സിനിമ കാണാന്‍ രാഹുല്‍ ഗാന്ധി എത്തിയത്. ആയുഷ്മാന്‍ ഖുറാന നായകനായ ‘ആര്‍ട്ടിക്കിള്‍ 15’ കാണാനാണ് രാഹുല്‍ എത്തിയത്. പിവിആര്‍ ചാണക്യയില്‍ വച്ച് രാഹുല്‍ സിനിമ കാണുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോപ്‌കോണ്‍ കഴിക്കുന്നതും സിനിമ കാണാനെത്തിയ മറ്റുളളവരോട് അദ്ദേഹം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. രാഹുലിന്റെ വിഐപി മനോഭാവമില്ലാതെയുള്ള സിനിമ കാണല്‍ ഏവരും സാമൂഹ്യമാധ്യമങ്ങളിലൂടെ പുകഴ്ത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തിലെ ആര്‍ട്ടിക്കിള്‍ 15 ഇന്ത്യയിലെ ഏതൊരു പൗരനും മതം, വര്‍ഗം, ലിംഗം, ജനനസ്ഥലം തുടങ്ങി എന്തിന്റെ പേരിലും രാജ്യത്ത് തുല്യമായ അവകാശം ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ പലയിടങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഇതിനുനേരെ വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയുമെല്ലാം ഈ ടെക്‌നോളജി യുഗത്തിലും നിര്‍ബാധം അവിടെ അരങ്ങേറുകയാണ്.ഇതിനെ പ്രതിപാദിക്കുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15.
സവര്‍ണ മേല്‍ക്കോഴ്മയുടെ ആധിപത്യമനോഭാവത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് വേറിട്ട രീതിയില്‍ സഞ്ചരിക്കുന്നുവെന്നതാണ് ആര്‍ട്ടിക്കിള്‍ 15 എന്ന അനുഭവ് സിന്‍ഹയുടെ പുതിയ സിനിമയെ വേറിട്ടതാക്കുന്നത്. അവര്‍ണ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ബദന്‍ ഗാംഗ് കൂട്ടക്കൊല എന്ന യഥാര്‍ത്ഥ സംഭവത്തെ ഓര്‍മിപ്പിക്കുന്ന ചലച്ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. അയന്‍ രജ്ഞന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷം ചെയ്ത ആയുഷ്മാന്‍ ഖുറാനയെ നിരൂപകര്‍ ഒന്നാകെ പ്രശംസിക്കുന്നുണ്ട്.
ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും ഔദ്യോഗികമായി രാജിവച്ചത്. രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്ത് വിട്ടാണ് അദ്ദേഹം സ്ഥാനത്ത് നിന്നും പുറത്ത് പോയത്.