ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സി.ബി.ഐയ്ക്കെതിരെ സി.ബി.ഐ നടത്തുന്ന ഉൾപ്പോരിനും, സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കിയതിനുമെതിരെയാണ് സിബിഐ ആസ്ഥാനത്തേയ്ക്ക് കോൺഗ്രസിന്‍റെ മാർച്ച് നടത്തിയത്.
മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതേത്തുടര്‍ന്നാണ് രാഹുല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെയും ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്ഥാനയെയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച സര്‍ക്കാര്‍ നടപടിക്ക് എതിരെയായിരുന്നു കോണ്‍ഗ്രസ് മാര്‍ച്ച്.
ലോധി റോഡ് സ്റ്റേഷന് മുന്നിൽ മാർച്ച് തടഞ്ഞ പൊലീസ്, രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി റാലിയിൽ അണിനിരന്നത്.
മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ സിബിഐയിലെ ചേരിപ്പോരിനെതിരെ രൂക്ഷമായ ആക്രമണമാണ് രാഹുൽഗാന്ധി നടത്തിയത്. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമിയ്ക്കുകയാണെന്ന് പറഞ്ഞ രാഹുൽ രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനായി മാറിയെന്നും ആരോപിച്ചു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, പ്രമോദ് തിവാരി, അശോക് ഗെഹ്‍ലോട്ട് എന്നിവരും റാലിയിൽ രാഹുലിനെ അനുഗമിച്ചു. തൃണമൂൽ കോൺഗ്രസിന്‍റെയും ആം ആദ്മി പാർട്ടിയുടെയും നേതാക്കൾ റാലിയിലുണ്ടായിരുന്നു.
സി.ബി.ഐ തലപ്പത്തെ തമ്മിലടി റഫാല്‍ അഴിമതിയുമായി ബന്ധപ്പെടുത്തിയാണെന്ന് കോണ്‍ഗ്രസ് നീക്കം. റഫാല്‍ ഇടപാടിലെ അന്വേഷണം തടയാനാണു സി.ബി.ഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍നിന്നു നീക്കിയതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. അതിന് പിന്നാലെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്.
രാജ്യത്തെ എല്ലാ സി.ബി.ഐ ഓഫിസുകള്‍ക്കു മുമ്പിലും കോണ്‍ഗ്രസ് ഇന്നു പ്രതിഷേധ ധര്‍ണ നടത്തുമെന്ന് അറിയിച്ചിരുന്നു.