X

‘കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും വരെ വിശ്രമമില്ല’; കാസര്‍കോട്ടെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

‘രണ്ട് യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുടെ ദാരുണ കൊലപാതകത്തില്‍ ഞെട്ടലുളവാക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയും ഞാനുമുണ്ട്. കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നു. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി നടപ്പാകുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ലിയോട് സ്വദേശി കൃപേഷ് (21), ശരത് ലാല്‍ (27) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശരത് ലാലിനെ മംഗലാപുരം ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്കൂരാങ്കര റോഡിലാണ് സംഭവം. ശരത്തും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. റോഡില്‍ നിലയുറപ്പിച്ച സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരേയും വെട്ടുകയായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സി.പി.എം ആണെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.

chandrika: