മോദിക്ക് ജനാധിപത്യത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കും ബന്ധമുണ്ടെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നിന്ന് ഒഴിവാക്കിയതിനെ കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ ഇന്‍ചാര്‍ജ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു.
ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.
‘ബഹു. പ്രധാനമന്ത്രി, നിങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ കഴിയില്ല. ജനങ്ങള്‍ നിങ്ങളെ നേരിട്ട് ചോദ്യം ചെയ്യുന്നു. നിങ്ങള്‍ മറുപടി പറയണം,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തത്. അദാനിക്കൊപ്പം എത്ര തവണ വിദേശയാത്ര നടത്തി, വ്യവസായ പ്രമുഖനായ അദാനി പ്രധാനമന്ത്രിയുടെ വിദേശ യാത്രകളില്‍ പങ്കെടുത്തിരുന്നോ പ്രധാനമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ശേഷം അദാനി എത്ര തവണ ആ രാജ്യം സന്ദര്‍ശിച്ചു എന്നീ ചോദ്യങ്ങളാണ് ഉന്നയിച്ചത്.
തിരഞ്ഞെടുപ്പ് ബോണ്ടുകളില്‍ അദാനി ബിജെപിക്ക് എത്ര പണം നല്‍കിയെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ചോദിച്ചു. ആഗോള സമ്പന്നരുടെ പട്ടികയില്‍ 609ല്‍ നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന ഗൗതം അദാനിയുടെ സമ്പത്ത് 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.