ന്യൂഡല്‍ഹി: ഒരു വേദിയില്‍ നേര്‍ക്കുനേര്‍ നിന്ന് സംവാദത്തിന് തയ്യാറുണ്ടോയെന്ന് മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ചത്.
പത്തുമിനിറ്റുനേരം ഒരേവേദിയില്‍ നിന്ന് സംസാരിക്കാന്‍ താങ്കള്‍ തയ്യാറുണ്ടോ? അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല. മോദി ഭീരുവായ മനുഷ്യനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുത് ആണെന്നാണ്. ബി.ജെ.പിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് റിമോട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്. എന്നാല്‍ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ ഉത്തരവാദിത്തമാണ്. രാജ്യമാണ് ബി.ജെ.പിയേക്കാള്‍ വലുതെന്ന് അവര്‍ക്ക് ബോധ്യപ്പെടും. നരേന്ദ്രമോദിക്ക് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.