X

നോട്ട് ക്ഷാമം: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് പെട്ടെന്നുണ്ടായ നോട്ട് ക്ഷാമത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ ബാങ്കിംങ് വ്യവസ്ഥ മോദി തകര്‍ത്തുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

മുപ്പതിനായിരം കോടി രൂപയുമായാണ് നീരവ് മോദി രാജ്യം വിട്ടത്. എന്നിട്ടും മോദി ഒരക്ഷരം മിണ്ടിയില്ല. നമ്മുടെ കയ്യില്‍ നിന്നും അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ എടുത്താണ് മോദി നീരവിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തത്. അതു കൊണ്ടാണ് നമ്മള്‍ വരിയില്‍ നില്‍ക്കേണ്ടി വന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ എ.ടി.എമ്മുകള്‍ കാലിയാണ്. കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ആസ്സാം,യു.പി, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് എ.ടി.എമ്മുകളില്‍ നോട്ട്ക്ഷാമമുള്ളത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് നോട്ടില്ലാത്ത മറ്റൊരു പ്രതിസന്ധികൂടി ഉണ്ടായിരിക്കുകയാണിപ്പോള്‍.

വിഷുവടക്കമുള്ള ആഘോഷങ്ങള്‍ക്കും ഉത്സവസീസണുകളിലും ജനം കൂടുതല്‍ പണം പിന്‍വലിച്ചതാണ് നോട്ട് ക്ഷാമത്തിന് കാരണമെന്നാണ് ആര്‍.ബി.ഐ വിശദീകരണം. മൂന്ന് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചു. അതേസമയം, പ്രശ്‌നം പഠിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ഉന്നതതലസമിതി രൂപീകരിച്ചു. പണം കുടുതലുള്ള ഇടങ്ങളില്‍ നിന്ന് പണമെത്തിക്കാന്‍ ശ്രമിക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചു.

chandrika: