ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന പര്യടനത്തിലാണ് മോദിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി സദസ്സിന്റെ കയ്യടിവാങ്ങിയത്. 2030 ആകുമ്പോഴേക്കും മോദി ചന്ദ്രനെ കൊണ്ടുവന്നു തരുമെന്ന് പറയുമെന്ന് രാഹുല്‍ പരിഹസിച്ചു.
2022-ല്‍ ഗുജറാത്തില്‍നിന്നും ദാരിദ്ര്യം ഇല്ലാതാക്കുമെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞതെന്ന് രാഹുല്‍ പറഞ്ഞു. ഇദ്ദേഹം തന്നെയാണ് 22 വര്‍ഷമായി ഗുജറാത്ത് ഭരിച്ചിരുന്നത്. മോദി ഇനിയെന്താണ് പറയാന്‍ പോകുന്നതെന്ന് താന്‍ പറഞ്ഞു തരാമെന്നായിരുന്നു രാഹുല്‍ പറഞ്ഞു.
‘2025 ല്‍ എല്ലാ ഗുജറാത്തികള്‍ക്കും ചന്ദ്രനെ നല്‍കും, 2028 ല്‍ എല്ലാ വീട്ടിലും ചന്ദ്രനെ നല്‍കും, 2030 ല്‍ മോദി ഇന്ത്യയിലേക്ക് ചന്ദ്രനെ പൂര്‍ണമായും എത്തിക്കും’ – ഇങ്ങനെയായിരുന്നു രാഹുലിന്റെ പരിഹാസം.
ഗുജറാത്ത് പര്യടനത്തില്‍ നേരത്തേയും രാഹുല്‍ഗാന്ധി മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. അമിത്ഷായുടെ മകന്‍ ജയ്ഷായുടെ സ്വത്ത് വിവാദവും രാഹുല്‍ ആയുധമാക്കിയിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ‘സീ ന്യൂസിലെ’ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടി സാമൂഹ്യമാധ്യമങ്ങളിലടക്കം ഹിറ്റായിരുന്നു.