ന്യൂഡല്‍ഹി: റഫേല്‍ കരാറിലെ പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരനും കള്ളനും ഒരേ ആളാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മോദി ഭീരുവാണെന്നും റഫേലിനെ കുറിച്ചുള്ള ചര്‍ച്ചക്ക് വിളിച്ചാല്‍ നേരിടാതെ ഓടിയൊളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നേരിട്ട് അനില്‍ അംബാനിക്ക് 30,000 കോടി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രതിരോധ സേനയുടെ പണമാണ് മോദി മോഷ്ടിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹത്തോട് പോരാടുന്നത് കൊണ്ട് മോദിയെ തനിക്ക് മനസിലാകുന്നുണ്ട്. താനുമായി അഞ്ച് മിനിറ്റ് സംവാദത്തിന് തയ്യാറാണോ എന്നും രാഹുല്‍ ചോദിച്ചു. ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രധാനമന്ത്രി ബീജിങ്ങിലേക്ക് ചെന്ന് തൊഴുകൈയ്യോടെ ചൈനീസ് അധികാരികളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു. അപ്പോള്‍ അവര്‍ക്ക് മനസിലായി മോദിയുടെ നെഞ്ച് 56 ഇഞ്ചല്ല നാലിഞ്ചാണ് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ സംസാരിച്ചിരുന്നു. ‘കളളന്‍ കാവല്‍ക്കാരനെ ചീത്ത പറയുകയാണ്’ എന്നും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു. ‘2014ല്‍ മുഴുവന്‍ ഭൂരപക്ഷവും നല്‍കിയാണ് ജനങ്ങള്‍ സര്‍ക്കാരിനെ തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ മഹാ മിലാവത് (മായം ചേര്‍ത്ത) സഖ്യമാണ് വരുന്നത്. മായം ചേര്‍ത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്തുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍ ജനങ്ങള്‍ അവരെ തിരഞ്ഞെടുക്കില്ല. ആ സഖ്യം രാജ്യത്തെ എങ്ങനെയൊക്കെ നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാം,’ മോദി ലോക്‌സഭയില്‍ പറഞ്ഞു.