X

‘കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ ഉറങ്ങാന്‍ അനുവദിക്കില്ല’; മോദിക്ക് മുന്നറിയിപ്പുമായി രാഹുല്‍

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് മോദിക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി. പാര്‍ലിമെന്റിന് പുറത്തുവെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പാവങ്ങളുടേയും പണക്കാരുടേയും എന്ന അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ രണ്ടായി വിഭജിച്ചു. അധികാരത്തില്‍ വന്നതിനു ശേഷം മോദി സര്‍ക്കാര്‍ ഒരു രൂപ പോലും എഴുതി തള്ളിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്, കടങ്ങള്‍ എഴുതി തള്ളുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. ആറ് മണിക്കൂറിനുള്ളില്‍ രണ്ട് സംസ്ഥാനങ്ങളില്‍ അത് പാലിക്കുകയും ചെയ്തു. രാജസ്ഥാനിലും ഉടന്‍ നടപടിയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായി അധികമാരമേറ്റതിനു പിന്നാലെ തന്നെ കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥും ഭൂപേഷ് ബഗേലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതായി പ്രഖ്യാപിച്ചിരുന്നു.

കര്‍ഷകരുടെ ശബ്ദങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കും. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതു വരെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ നമ്മള്‍ അനുവദിക്കില്ല. 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വായ്പ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനം തീര്‍ച്ചയായും ഉള്‍പ്പെടുത്തും. അപ്പോളേക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും ചെയ്യും. അനില്‍ അംബാനി ഉള്‍പ്പെടെയുള്ള 15 പ്രമുഖ വ്യവസായികളുടെ വായ്പ്പകള്‍, മുമ്പില്‍ നോക്കാതെ സര്‍ക്കാര്‍ എഴുതി തള്ളിയെന്നും, എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

chandrika: